shivagiri
ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റി ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് തുടങ്ങുന്ന ശിവഗിരി തീർത്ഥാടന പദയാത്രയിലെ തീർത്ഥാടന രഥം.

എഴുകോൺ : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർത്ഥാടന പദയാത്ര ആർ. ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ഇന്ന് പുറപ്പെടും. ധർമ്മ സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ പദയാത്ര ക്യാപ്ടനും ശാന്തിനി കുമാരൻ , രഞ്ജിനി ദിലീപ്,നടരാജൻ ഉഷസ്,ശോഭന ആനക്കോട്ടൂർ,സുശീല മുരളീധരൻ എന്നിവർ ഉപ ക്യാപ്ടന്മാരുമാണ്.

ഇന്ന് രാവിലെ 8ന് പുത്തൂർ മണ്ഡപം ജംഗ്ഷനിലെ ശ്രീ പെരുങ്ങോട്ടപ്പൻ ക്ഷേത്രാങ്കണത്തിൽ തീർത്ഥാടന സമ്മേളനം തുടങ്ങും. കവി ഉണ്ണി പുത്തൂർ നവോത്ഥാന കാവ്യാലാപനം നയിക്കും. 9ന് ഡോ.സി.രത്നാകരൻ വേദിയിൽ ഭദ്രദീപം തെളിക്കും. തുടർന്ന് ആർ.ശങ്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ.കെ.സത്യപാലൻ കോട്ടാത്തല ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും. 10ന് തീർത്ഥാടന സമ്മേളനവും പദയാത്രികരുടെ സംഗമവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

മതാതീത ആത്മീയ സമ്മേളനം സി.പി.ഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രനും പദയാത്ര ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വിയും നിർവഹിക്കും. തീർത്ഥാടന രഥത്തിൽ സിനിമാ നിർമ്മാതാവ് വിനായക.എസ്. അജിത്കുമാർ ദീപം തെളിക്കും.

മാതൃകാ പൊതുപ്രവർത്തകനായ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുമായ ജി. തങ്കപ്പൻപിള്ളയ്ക്ക് സംഘം കേന്ദ്ര സമിതി ഏർപ്പെടുത്തിയ ശിവഗിരി തീർത്ഥാടന പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എം.പി നൽകും.വർഷങ്ങളായി പദയാത്രയിൽ പങ്കെടുത്തവരെ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്. ആർ.രമേശ് ആദരിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, പ്രൊഫ.ജി.മോഹൻദാസ്, കെ. മധുലാൽ, കെ.ദിനേശ് കുമാർ, പെരുമ്പുഴ ജി.ലാലു, വർക്കല മോഹൻദാസ്, പാത്തല രാഘവൻ,പി.ശശിധരൻ പിള്ള, ഓടനാവട്ടം ഹരീന്ദ്രൻ, ശാന്തിനി കുമാരൻ എന്നിവർ സംസാരിക്കും. ക്ലാപ്പന സുരേഷ് ഗുരു സ്മരണയും സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ സ്വാഗതവും പറയും. ഒന്നാം ദിവസത്തെ പദയാത്ര തേവലപ്പുറം, മാറനാട്, പേഴൂക്കോണം, ചീരങ്കാവ്, എഴുകോൺ, ചൊവ്വള്ളൂർ വഴി കരീപ്രയിൽ സമാപിക്കും.