
കരുനാഗപ്പള്ളി: രണ്ട് പതിറ്റാണ്ട് മുമ്പ് ആലപ്പാട് ഗ്രാമപഞ്ചായത്തിൽ ആഞ്ഞടിച്ച സുനാമി തിരമാലകൾ കവർന്നെടുത്ത 143 ജീവനുകളുടെ ഓർമ്മയ്ക്കായി അഴീക്കൽ ഗവ. ഹൈസ്കൂളിൽ നടപ്പാക്കിയ സ്മൃതിനിധി ജീവകാരുണ്യപദ്ധതി ജനശ്രദ്ധയാകർഷിക്കുന്നു.
സുനാമി ദുരന്തത്തിന്റെ 20-ം വാർഷിക ദിനാചരണത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുരന്തത്തിൽ രണ്ട് സഹോദരിമാരെയും അമ്മയെയും നഷ്ടമായ കിഴക്കേ മാത്തശേരിൽ നന്ദു ആദ്യ സംഭാവന നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. പിറന്നാൾ, ആഘോഷ ദിവസങ്ങളിൽ ചെലവാക്കുന്ന തുകയിൽ നിന്ന് ഒരു പങ്ക് അവശത അനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവയ്ക്കാനും അവരെ സഹായിക്കാനുമുള്ള മനസ് വിദ്യാർത്ഥികളിൽ ചെറിയ പ്രായത്തിൽ തന്നെ വളർത്തിയെടുക്കുക എന്നതാണ് സ്മൃതിനിധി പദ്ധതിയിലൂടെ സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്.
സുനാമി തിരമാലകൾ സ്കൂളിലെ പത്ത് കുട്ടികളുടെ ജീവൻ കവർന്നെടുത്തിരുന്നു. ഇതാണ് പുതിയ പദ്ധതി നടപ്പാക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.
സുനാമി അനുസ്മരണ ദിനത്തിൽ സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച അനുസ്മരണ യാത്ര അഴീക്കൽ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. അഴീക്കൽ സ്കൂളിലെ പത്ത് കുട്ടികളുടെ ഓർമ്മയ്ക്ക് മുന്നിൽ പത്ത് മൺചെരാതുകൾ തെളിച്ചു. പി.ടി.എ പ്രസിഡന്റ് ലിജിമോൻ, എസ്.എസ്.ജി ചെയർമാൻ ബിനു, എം പി.ടി.എ പ്രസിഡന്റ് പ്രിയ, പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത, പി.ടി.എ എക്സി. കമ്മിറ്റി അംഗങ്ങളായ സജിക്കുട്ടൻ, മോഹൻദാസ്, റാണി, സ്കൗട്ട് മാസ്റ്റർ കമലം, ഗൈഡ്സ് മാസ്റ്റർ സുജ രാജ്, മുഹമ്മദ് സലിം ഖാൻ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തുു.
സ്കൂളിൽ വഞ്ചി സ്ഥാപിച്ചു
 വിദ്യാർത്ഥികളും സ്കൂൾ സന്ദർശിക്കുന്നവരും തുക നിക്ഷേപിക്കും
 എല്ലാ വർഷവും ഡിസംബർ 26ന് വഞ്ചി തുറക്കും
 ലഭിക്കുന്ന പണം സ്കൂളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകും
 ഇല്ലെങ്കിൽ പുറത്ത് അർഹരായവരെ കണ്ടെത്തി നൽകും
നാട്ടുകാരുടെ സഹായത്തോടെ പദ്ധതി കൂടുതൽ വിപുലപ്പെടുത്തും.
സ്കൂൾ അധികൃതർ