t

മാലിന്യ വിഷയത്തിന് ആശ്വാസമാകും

കൊല്ലം: മാലിന്യ വിഷയം പരിഹരിക്കാൻ കൊച്ചി മോഡലിൽ കൊല്ലം നഗരത്തിലും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷൻ നേരത്തെ നൽകിയ കത്തിലാണ് കമ്പനിയുടെ പ്രതികരണം. പദ്ധതി യാഥാർത്ഥ്യമായാൽ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് വലിയ അളവിൽ ആശ്വാസമാകും.

ബയോമൈനിംഗ് നടത്തി മാലിന്യം നീക്കിയ കുരീപ്പുഴയിലെ നാല് ഏക്കറാണ് പ്ലാന്റ് സ്ഥാപിക്കാൻ ബി.പി.സി.എൽ ആവശ്യപ്പെട്ടിരിക്കുന്നത്. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്വന്തം നിലയിലാകും പ്ലാന്റ് നിർമ്മാണം. ആദ്യം പ്രതിദിനം 50 ടൺ ജൈവമാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റ് സ്ഥാപിക്കും. ഘട്ടംഘട്ടമായി സംസ്കരണ ശേഷി 150 ടണ്ണായി ഉയർത്തും. 30 കോടിയാണ് ആദ്യഘട്ട ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിൽ സംസ്കരിക്കാനുള്ള മാലിന്യം കോർപ്പറേഷൻ സ്വന്തം നിലയിൽ എത്തിക്കണം. സംസ്കരണത്തിലൂടെ ലഭിക്കുന്ന ബയോഗ്യാസിൽ നിന്നുള്ള വരുമാനം ബി.പി.എസി.എല്ലിനാണ്.

ഹരിതകർമ്മസേന നിലവിൽ നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന ജൈവ മാലിന്യം ചീഞ്ഞഴുകി അസഹ്യമായ ദുർഗന്ധം പരത്തുന്നുമുണ്ട്.

 ബോട്ടിൽ, കരിയില ബിന്നുകൾ

പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ നഗരത്തിന്റെ പല ഭാഗങ്ങളിലായി കോർപ്പറേഷൻ ബോട്ടിൽ ബിന്നുകൾ സ്ഥാപിക്കും. കരിയില കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കാൻ കരിയില ബിന്നുകളും വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. തീരദേശത്ത് കമ്മ്യൂണിറ്റി ബിന്നുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള മാലിന്യ സംസ്കരണ യൂണിറ്റികളുടെ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.