കൊല്ലം: കേരള കോൺഗ്രസ് (ബി) തെക്കൻ മേഖലാറാലിയും സമ്മേളനവും നാളെ കൊല്ലം പീരങ്കി മൈതാനിയിൽ (ആർ.ബാലകൃഷ്ണപിള്ള നഗർ) നടക്കും. വൈകിട്ട് 3ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും. മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷനാകുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ എ.ഷാജുവും പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണനും പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് ആശ്രാമം മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പീരങ്കി മൈതാനിയിൽ സമാപിക്കും. പാർട്ടിയുടെ സംഘടനാടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്നതാണ് തെക്കൻ മേഖല. ഉച്ചയ്ക്ക് 2ന് പതാക ഉയർത്തൽ, തുടർന്ന് ആർ.ബാലകൃഷ്ണപിള്ള അനുസ്മരണം നടക്കും. ചാത്തന്നൂർ സ്പിന്നിംഗ് മിൽ ചെയർമാനും സംസ്ഥാന സെക്രട്ടറിയുമായ എ.ആർ ബഷീർ, മഹിളാവിഭാഗം സംസ്ഥാന പ്രസിഡന്റ് മഞ്ജു റഹീം, പത്തനാപുരം മണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ എന്നിവർ പങ്കെടുത്തു.