govi

കൊല്ലം: കേരളത്തിൽ മഴവിൽ സംഖ്യം രൂപപ്പെട്ടു വരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയത കൈകോർത്ത് എൽ.ഡി.എഫിനും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രവർത്തിക്കുന്നു. തൃശൂരിൽ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ട്

കൊണ്ടാണ്.നേമത്ത് ഒ..രാജഗോപാൽ ജയിച്ചതും കോൺഗ്രസിന്റെ ചെലവിലാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ 10000 വോട്ടും ജമാഅത്തെ ഇസ്ലാമിയുടെ 3000-4000 വോട്ടും യു.ഡി.എഫിന് ലഭിച്ചു. ഇവിടെ ബി.ജെ.പിയിൽ നിന്ന് 4,500 വോട്ടാണ് കോൺഗ്രസ് വാങ്ങിയത്. .വാങ്ങുക എന്നതിന്റെ അർത്ഥം മനസിലായല്ലോ?.

ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ന്യൂനപക്ഷ വർഗീയതയുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്നവരാണ്. കോൺഗ്രസും ലീഗും ഇവർക്കെതിരെ ശക്തമായി പറഞ്ഞിരുന്നതൊക്കെ ഇപ്പോൾ മാറ്റി. ഇവരെല്ലാം ഇപ്പോൾ ഒരു മുന്നണിയായി. ഇത് കോൺഗ്രസിന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സുദേവൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, മുൻമന്ത്രി പി.കെ.ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം.നൗഷാദ്, ഡോ.സുജിത്ത് വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, സി.പി.എം നേതാക്കളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ബി.തുളസീധരക്കുറുപ്പ്, ജെ.മേഴ്സിക്കുട്ടിഅമ്മ, എം.എച്ച്.ഷാരിയർ, സൂസൻ കോടി തുടങ്ങിയവർ സംസാരിച്ചു.

കെ.എൻ. ബാലഗോപാൽ ചെയർമാനും എസ്.സുദേവൻ സെക്രട്ടറിയുമായി 1001 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.