
കൊല്ലം: മദ്ധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി ആലുംകടവ് സുനിൽ ഭവനത്തിൽ സുമിത്താണ് (23) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ആലുംകടവ് സ്വദേശിയായ സുനിൽകുമാറും അയൽവാസിയും സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിന്റെ മദ്ധ്യത്ത് കയറിനിന്ന് മാർഗതടസം സൃഷ്ടിച്ചതിന് സുമിത്തുമായി വാക്കുതർക്കമുണ്ടായി. ഈ വിരോധത്തിൽ വീടിന് സമീപം നിന്നിരുന്ന സുനിൽകുമാറിനെ സുമിത്ത് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സന്തോഷ് കുമാർ, സുരേഷ് കുമാർ, എസ്.സി.പി.ഒ ബഷീർ ഖാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.