കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്രു. മുണ്ടയ്ക്കൽ വെസ്റ്റ് കുന്നത്ത് വീട്ടിൽ ലാൽപ്രസാദിന്റെ ഭാര്യ സുശീലയ്ക്കാണ് (62) പരിക്കേറ്റത്. മുണ്ടയ്ക്കൽ സ്വദേശി ശാന്തയ്ക്ക് നിസാര പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചുകടക്കുമ്പോൾ മുണ്ടയ്ക്കൽ പാലത്തിന് അടുത്ത് നിന്നെത്തിയ സ്കൂട്ടർ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ സുശീലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് സുശീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന കൗമാരക്കാരൻ വാഹനം ഒതുക്കാനെന്ന പേരിൽ അരികിലേക്ക് മാറി. തൊട്ടുപിന്നാലെ ഒപ്പമുണ്ടായികുന്ന പെൺകുട്ടിമായി സ്ഥലം വിട്ടു. സുശീല കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിനിടയാക്കിയ സ്കൂട്ടർ നിരീക്ഷണ കാമറകളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഓടിച്ചിരുന്ന തില്ലേരി സ്വദേശിയായ കൗമാരക്കാരനെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ഇന്നലെ വിളിച്ചുവരുത്തി ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകി വിട്ടയച്ചു. മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.