കൊല്ലം: സൗജന്യ കിറ്റ് വിതരണം ചെയ്ത ഇനത്തിൽ അർഹതപ്പെട്ട എല്ലാ റേഷൻ ലൈസൻസികൾക്കും കമ്മിഷൻ വിതരണം ചെയ്യണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 2025ലെ കലണ്ടറിന്റെ പ്രകാശനം ആർ.മുരളീധരൻ പിള്ളയ്ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ കേസിന് പോയ ബഹുഭൂരിപക്ഷം ലൈസൻസികൾക്കും ഒരു ഗഡു ലഭിച്ചു. എന്നാൽ കേസിന് പോകാത്ത നിരവധി ലൈസൻസികൾക്ക് കമ്മിഷൻ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.ആർ.ഇ.എഫ് താലൂക്ക് കമ്മറ്റി പ്രസിഡന്റ് ജഗത് ജീവൻ ലാലി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.സജിത്ത്, സെക്രട്ടറി ടി.സജീവ്, ട്രഷറർ പി.സുധാകരൻ, കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് ആർ. മുരളീധരൻ പിള്ള, സെക്രട്ടറി ആർ.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.