
തൊടിയൂർ: അനാരോഗ്യം മൂലം ജോലി ചെയ്ത് ജീവിക്കാൻ കഴിയാതെ വന്ന തൊടിയൂർ അരമത്തുമഠം പുതുമംഗലത്ത് വീട്ടിൽ സുരേഷിനെ (54) ആലപ്പുഴ ജില്ലയിലെ എടത്വ സ്നേഹഭവൻ ഏറ്റെടുത്തു. ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ഒരു ചെറിയ ഷെഡിലാണ് താമസിക്കുന്നത്.
അവശനിലയിലായ സുരേഷിനെ സംരക്ഷിക്കാൻ സഹോദരന് കഴിയാതെ വന്ന സാഹചര്യത്തിലാണ് എടത്വ സ്നേഹഭവനിൽ ഏറ്റെടുത്തത്. വാർഡ് അംഗവും തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തൊടിയൂർ വിജയൻ സാമൂഹ്യ പ്രവർത്തകനായ സന്തോഷ് തൊടിയൂരുമായി ബന്ധപ്പെടുകയും, സന്തോഷ് സ്നേഹഭവൻ സെക്രട്ടറി ജോണിക്കുട്ടിയുമായി സംസാരിക്കുകയുമായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സന്തോഷ് തൊടിയൂർ, രമണിഭായി, സുന്ദരേശൻ കടൂരേത്ത്, രമണൻ എലായിൽ, ഷീജ, സുഭാഷ്, സുരേഷിന്റെ സഹോദരൻ രാജേന്ദ്രൻ, സഹോദരി ശോഭന തുടങ്ങിയവർ സുരേഷിനെ യാത്ര അയയ്ക്കാൻ എത്തിയിരുന്നു.