
കൊല്ലം: എം.ടി.വാസുദേവൻ നായർക്ക് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം അക്ഷരാഞ്ജലി സമർപ്പിച്ചു. എം.ടിയുടെ ബഹുമുഖ പ്രതിഭ അനുസ്മരിച്ച് കവി ബാബുപാക്കാനാർ എം.ടി സ്മൃതി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ.ഹയർസെക്കൻഡറി സ്ക്കൂളിലെ ഒരുമ സപ്തദിന സഹവാസ ക്യാമ്പിലെ കുട്ടികൾ എം.ടി കൃതികളിലെ പ്രസക്തഭാഗങ്ങൾ വായിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. എം.ടി.സ്മൃതിയായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗ്രന്ഥശാല സ്ഥാപിക്കുന്നതിനായി വിദ്യാർത്ഥികൾ ശേഖരിച്ച 500 പുസ്തകങ്ങൾ സ്നേഹാശ്രമത്തിനു സമർപ്പിച്ചു. പുസ്തകങ്ങൾ ഏറ്റുവാങ്ങിയ ബാബു പാക്കനാർ ഗ്രന്ഥശാല സ്ഥാപിക്കുന്നതിനു എല്ലാ പിന്തുണയും അറിയിച്ചതോടൊപ്പം 50 പുസ്തകങ്ങളും വാഗ്ദാനം ചെയ്തു. പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കപിൽ, പി.ടി.എ പ്രസിഡന്റ് മനു, എസ്.എം.സി ചെയർമാൻ ഷിലോസ്, അദ്ധ്യാപകരായ ബിജി, മിത്ര, അർച്ചന, മുഹ്സിന എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ഡോ. രവിരാജ്, ബി. സുനിൽകുമാർ, ജി. രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശിധരൻ, പള്ളിക്കൽ മോഹൻ എന്നിവർ പങ്കെടുത്തു.