കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം മഠത്തിൽകാരാണ്മ 188-ാം നമ്പർ ശാഖയിൽ പത്ത് വർഷമായി നിലനിന്നിരുന്ന റിസീവർ ഭരണം അവസാനിപ്പിച്ച് ഭരണം ശാഖയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. ശാഖയുടെ ഉടമസ്ഥതയിലുള്ള 27സെന്റ് ഭൂമിയും ശീനാരായണ ഗുരുമന്ദിരവും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഓഡിറ്റോറിയവും വിവാഹ സദ്യാലയവും ഉൾപ്പടെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും ശാഖയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ റിസീവർ ഏറ്റെടുത്തിരുന്നതെല്ലാം ശാഖാ സെക്രട്ടറി ആർ.സുശീലന് ഡിസംബർ 21ന് കൈമാറി. 2010 ഫെബ്രുവരി 10നാണ് സംഭവത്തിന് തുടക്കം. ശാഖയുടെ പരിധിയിൽ താമസിക്കുന്ന ഏതാനുംപേർ ചേർന്ന് കായംകുളം സബ് രജിസ്ട്രാർ ഓഫീസിൽ 26/ 2010 നമ്പറിൽ മഠത്തികാരാണ്മ ദേവസ്വം ട്രസ്റ്റ് എന്ന പേരിൽ നിയമ വിരുദ്ധ സംഘടന രജിസ്റ്റർ ചെയ്ത് ശാഖയുടെ സ്ഥാവര ജംഗമ വസ്തുക്കളും ഗുരുമന്ദിരവും ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ശാഖയും മഠത്തിൽകാരാണ്മ ദേവസ്വം ട്രസ്റ്റുമായി അവകാശ തർക്കം ഉടലെടുത്തു. പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 2014 നവംമ്പർ 28ന് തർക്ക ഭൂമിയും അനുബന്ധ സ്ഥാപനങ്ങളും കൊല്ലം ആർ.ഡി.ഒ ഏറ്റെടുക്കുകയും കരുനാഗപ്പള്ളി താലൂക്ക് ഡെപ്യുട്ടി തഹസീൽദാരെ റിസീവറായും ഓച്ചിറ വില്ലേജ് ഓഫീസറെ ഭരണകാര്യങ്ങളിൽ റിസീവറെ സഹായിക്കുന്നതിനും ചുമതലപ്പെടുത്തി. ഇതേ തുടർന്നാണ് കേസ് കോടതി കയറിയത്. തർക്കമുള്ള ഗുരുമന്ദിരവും ക്ഷേത്രവും മറ്റ് അനുബന്ധ സ്വത്തുക്കളും എസ്.എൻ.ഡി.പി യോഗം മഠത്തിൽ കാരാണ്മ 188-ം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് 2019 ആഗസ്റ്റ് 14ന് കരുനാഗപ്പള്ളി മുൻസിഫ് കോടതിയും 2021 നവംബർ 27ന് കരുനാഗപ്പള്ളി സബ് കോടതിയും 2024 നവംമ്പർ 21ന് കേരള ഹൈക്കോടതിയും ഉത്തരവായി.
തുടർന്ന് ഡിസംബർ 18ന് കൊല്ലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം റിസീവർ തർക്ക മന്ദിരങ്ങളും അനുബന്ധ സ്വത്തുക്കളും ശാഖാ സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ഇതു സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനും മഠത്തിൽ കാരാണ്മ 188-ം നമ്പർ ശാഖയും നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഗുരുവിന്റെ സ്വത്തുകൾ യഥാർത്ഥ അവകാശിയായ ശാഖയ്ക്ക് ലഭിച്ച വിവരം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, മഠത്തിൽകാരാണ്മ ശാഖാ പ്രസിഡന്റ് എൻ.അശോക് കുമാർ, സെക്രട്ടറി ആർ.സുശീലൻ എന്നിവർ എല്ലാ ശാഖാ അംഗങ്ങളെയും അറിയിക്കുന്നു.