കൊട്ടാരക്കര: പെൺകുട്ടിയെ ആറാം ക്ളാസ് മുതൽ ലൈംഗികമായി പീഡിപ്പിച്ചുവന്ന കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും ഇരുപത് വർഷം കഠിനതടവും. പിറവന്തൂർ കറവൂർ പെരുന്തോയിൽ കുരിയാനയം തേക്കുവിള വീട്ടിൽ സതീഷിനെയാണ് (38) പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 മുതൽ 2020 ഡിസംബർ 23 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജീവപര്യന്തം തടവ് ജീവിതാവസാനംവരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. 95000 രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മൂന്ന് ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്. പത്തനാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.