
കൊല്ലം: ഡോ. കൊല്ലം കെ.ആർ.പ്രസാദ് അണിയിച്ചൊരുക്കിയ നൃത്തനാടകം 'ശാകുന്തളം' വേദികൾ കീഴടക്കി മുന്നേറുന്നു.
മഹാകവി കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളത്തിന്റെ പുനർ വായനയാണ് ശാകുന്തളം നൃത്തരൂപം. ഫ്രാൻസിസ് ടി.മാവേലിക്കരയുടെ രചന സ്റ്റേജിന്റെ പരിമിതികൾ ഭേദിച്ച് സിനിമയെ വെല്ലുന്ന രീതിയിലാണ് കെ.ആർ.പ്രസാദ് സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തനാടകരംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി മുഹൂർത്തങ്ങൾ ശാകുന്തളത്തിലുണ്ട്.
പലതവണ കണ്ടാലും മതിവരില്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഒരു സ്റ്റേജിൽ ഇതേപോലെ നൃത്തനാടകം എങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നുവെന്ന അത്ഭുതം എല്ലായ്പോഴും ബാക്കി നിൽക്കും. ആധുനിക സാങ്കേതിക വിദ്യകൾ സമാസമം ചേർത്ത്, ഒട്ടും അധികപ്പറ്റില്ലാതെയാണ് ശാകുന്തളത്തിന്റെ നിർമ്മിതി. നൃത്തനാടകം (ബാലെ) എന്ന കലാരൂപത്തിന് പ്രേക്ഷക മനസുകളിലുണ്ടായിരുന്ന സങ്കല്പം അപ്പാടെ മാറ്റിമറിച്ചയാളാണ് ഡോ. കൊല്ലം കെ.ആർ.പ്രസാദ്. സ്റ്റേജുകളിൽ അവതരിപ്പിക്കുന്ന ഏതു കലാപരിപാടിയോടും മത്സരിക്കാൻതക്ക ശേഷി നൃത്തനാടകങ്ങൾക്ക് സമ്മാനിച്ചതും മറ്റാരുമല്ല. ശാകുന്തളം കാണാൻ ചെലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാവില്ലെന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു.