കൊല്ലം: വിനോദ സഞ്ചാരികൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന ആശ്രാമം അഡ്വഞ്ചർ പാർക്കിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാൻ നടപടിയില്ല. പാർക്കിനോട് ചേർന്ന് അഷ്ടമുടികായലിന്റെ തീരത്താണ് വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യമടക്കം അടിഞ്ഞുകൂടിയത്.
പാർക്കിൽ കായലിലേക്കിറക്കി ആളുകൾക്ക് ഇരിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഇിരിപ്പിടങ്ങൾക്ക് അടിയിലും വലിയതോതിൽ മാലിന്യം കിടക്കുന്നു. മരങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു വീഴുന്ന ഇലകളും ചാക്കുകളിലും മറ്റുമായി കായലിൽ ഉപേക്ഷിച്ച മാലിന്യങ്ങളും അഴുകി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. കായലൂടെ ഒഴികിയെത്തുന്നതു കൂടാതെ പാർക്കിലേക്ക് എത്തുന്നർ ഉപേക്ഷിക്കുന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളുമെല്ലാം ഇവിടെയുണ്ട്. സാഹസികതയ്ക്കൊപ്പം ബോട്ട് യാത്ര ആസ്വദിക്കാനും തിരക്കുകളിൽ നിന്ന് മാറി വിശ്രമിക്കാനുമായി സന്ദർശകർ അഡ്വഞ്ചർ പാർക്കിലേക്ക് എത്തുന്നത്.
48 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പാർക്ക് 1980ലാണ് സ്ഥാപിച്ചത്. കുട്ടികൾക്ക് സ്‌കേറ്റിംഗ്, കമാൻഡോ നൈറ്റ് തുടങ്ങി നിരവധി വിനോദങ്ങളുണ്ട്. സ്പീഡ് ബോട്ടും മോട്ടോർ ബോട്ടും പെഡൽ ബോട്ടുമായി ബോട്ടിംഗ് സൗകര്യമുണ്ട്. സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാനായി ഇത്രയേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മാലിന്യം അടിഞ്ഞുകൂടിയ പാർക്കിനോട് മുഖം തിരിച്ച് നടക്കേണ്ട അവസ്ഥയാണ്. തീരത്ത് അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യണമെന്നാണ് സന്ദർശകരുടെ ആവശ്യം.
മാലിന്യം നീക്കം ചെയ്യൽ വെറും പ്രഹസനമായി തോന്നുന്നുണ്ട്. അസഹ്യമായ നാറ്റവും അനുഭവപ്പെടുന്നു. തീരത്ത് അടിഞ്ഞുകൂടുന്ന മാലിന്യം മാറ്റാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ
സന്ദർശകർ