siva

എഴുകോൺ: ആർ.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് തുടക്കം. സി.പി.ഐ ദേശീയ നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദുരിതം അനുഭവിച്ചിരുന്നവർക്ക് മോചനമാർഗമൊരുക്കിയത് ഗുരുവാണ്. ജാതിയുടെ പേരിൽ മനുഷ്യരെ വേർതിരിച്ചതിനെതിരെ ഗുരു വിപ്ലവം സൃഷ്ടിച്ചു. ഗുരുവിനെ ശരിയായി പഠിച്ചവരിൽ പ്രധാനിയാണ് ഗാന്ധിജി. അദ്ദേഹം ഗുരുവിനെ അന്വേഷിച്ച് എത്തുകയായിരുന്നു. സമ്പന്നർക്ക് ലാഭം കൂട്ടാനുള്ള ഉപാധി മാത്രമായിരുന്നു ജാതിയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി.

പൊതുപ്രവർത്തനരംഗത്ത് മാതൃകയായ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി.തങ്കപ്പൻപിള്ളയ്ക്ക് ശിവഗിരി തീർത്ഥാടന പുരസ്കാരം പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽകുമാർ, ശാന്തിനി കുമാരൻ, കെ.മധുലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, വർക്കല മോഹൻദാസ്, അഡ്വ. കെ.സത്യപാലൻ കോട്ടത്തല, പാത്തല രാഘവൻ, ക്ലാപ്പന സുരേഷ്, പൂവറ്റൂർ ഉദയൻ, അനിൽകുമാർ ആനക്കോട്ടൂർ, കവി ഉണ്ണി പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.

ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ ഭദ്രദീപം തെളിച്ചു. മുതിർന്ന പദയാത്രികരെ മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രശ്മി ആദരിച്ചു. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജമോഹൻ, ഉപ ക്യാപ്ടന്മാരായ ശാന്തിനി കുമാരൻ, രഞ്ജിനി ദിലീപ്, നടരാജൻ ഉഷസ്, ശോഭന ആനക്കോട്ടൂർ, സുശീല മുരളീധരൻ എന്നിവർക്ക് പീത പതാക പന്ന്യൻ രവീന്ദ്രൻ കൈമാറി. കല്ലുംപുറം കുടുംബാംഗണം, തേവലപ്പുറം വലിയവിള, നെടുംപുറം ദേവഭവൻ, ചിറ്റാകോട്, പേഴൂക്കോണം, ചീരങ്കാവ്, എഴുകോൺ, പോച്ചംകോണം, ബദാം മുക്ക്, ചൊവ്വള്ളൂർ, നടമേൽ എന്നിവിടങ്ങളിൽ ശാഖായോഗങ്ങളും ശ്രീനാരായണീയരും സ്വീകരിച്ചു. മധു മാറനാടിന്റെ സമൃതി മണ്ഡപത്തിൽ പ്രാർത്ഥനാ സംഗമം നടന്നു. അഡ്വ. സവിൻ സത്യൻ, ഉണ്ണി പുത്തൂർ, സ്നേഹലാൽ, എഴുകോൺ നാരായണൻ, നെടുവത്തൂർ ചന്ദ്രശേഖരൻ, കനകദാസ്, സാബു, ഉദയഗിരി രാധാകൃഷ്ണൻ, ടി.സജീവ്, ജൂബിൻഷാ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു. ആദ്യദിന പര്യടനം കരീപ്രയിൽ സമാപിച്ചു. സമാപന സമ്മേളനം ആർ. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇന്ന് കരീപ്ര ഫാക്ടറി ജംഗ്ഷൻ, വാക്കനാട് ശാഖ, നെടുമൺകാവ്, കൊട്ടറ, മീയണ്ണൂർ, മരുതമൺ പള്ളി, പുന്നക്കോട്, വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് , കുമ്മല്ലൂർ, ചാത്തന്നൂർ തിരുമുക്ക്, മീനാട് ശാഖ എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകും.