photo
കൊട്ടാരക്കര പുലമൺ തോട് (പുലമൺ പാലത്തിൽ നിന്നുള്ള ദൃശ്യം)

കൊട്ടാരക്കര: മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് മാസം. പുലമൺ തോടിന്റെ നവീകരണം നടന്നില്ല. കുറ്റിക്കാടുകൾ നിറഞ്ഞ്, നീരൊഴുക്ക് നിലച്ച് പുലമൺ തോട് ഇപ്പോഴും ശ്വാസം മുട്ടലിൽ തന്നെ.

ഉദ്ഘാടനംകഴിഞ്ഞു , പദ്ധതി മറന്നു

ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിലാണ് പുലമൺ തോടിന്റെ ശുചീകരണ- നവീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച ഹരിതകർമ്മ സേനയും സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുമൊക്കെ സജീവമായി രംഗത്തിറങ്ങി. ഉദ്ഘാടന മാമാങ്കത്തിന് ശേഷം പദ്ധതി അധികൃതർ മറന്നു. മുൻകൈയെടുക്കേണ്ട നഗരസഭ വിഷയത്തിൽ തീർത്തും ഇടപെട്ടില്ല. പുലമൺ തോട് കടന്നുപോകുന്ന മൈലം, കുളക്കട ഗ്രാമപഞ്ചായത്തുകളും ആദ്യ ദിനങ്ങളിൽ തോട് ശുചീകരണ പ്രവർത്തനങ്ങളിൽ ഇടപെട്ടു. പതിയെ അവരും പിൻവാങ്ങി. ഇപ്പോൾ പഴയതിലും നാശത്തിലാണ് പുലമൺ തോട്.

പദ്ധതിക്ക് കുറവില്ല, നടപ്പാക്കില്ലെന്ന് മാത്രം

പാർക്ക് എവിടെ?

പുലമൺ തോടിന് മുകളിലായി പുലമൺ പാലത്തോട് ചേർന്ന് പാർക്ക് നിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. 2 കോടി രൂപ ഇതിനായി അനുവദിച്ചതുമാണ്. തോടിന് മുകളിൽ കോൺക്രീറ്റ് മേൽമൂടി നിർമ്മിച്ച് ഇരിപ്പിടങ്ങളും കുട്ടികളുടെ കളിക്കോപ്പുകളും അലങ്കാര കൗതുകങ്ങളുമൊക്കെയൊരുക്കി പാർക്ക് നിർമ്മിക്കാനാണ് പദ്ധതിയിട്ടത്. അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.