 
കരുനാഗപ്പള്ളി: വേലിയേറ്റ സമയത്ത് പശ്ചിമതീര കനാലിൽ നിന്ന് ഉപ്പുവെള്ളം കരയിലേക്ക് കയറി ഇടവിളക്കൃഷി നശിക്കുന്നതായി പരാതി. കനാലിന്റെ തീരത്ത് താമസിക്കുന്ന നൂറോളം കുടുബങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ദുരിതം അനുഭവിക്കുകയാണ്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ആയിരംതെങ്ങിന് വടക്ക് ഭാഗത്താണ് ഉപ്പ് വെള്ളത്തിന്റെ കെടുതി അനുഭവപ്പെടുന്നത്. പള്ളിക്കടവിന്റെ കിഴക്ക് ഭാഗത്തു കൂടി വടക്കോട്ടുള്ള തോട്ടിലൂടെയാണ് വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കരയിലേക്ക് കയറുന്നത്. ഒന്നര കിലോമീറ്റർ ദൈർഘ്യമാണ് തോടിനുള്ളത്. വർഷങ്ങളായി നടക്കുന്ന കൈയ്യേറ്റത്തെ തുടർന്ന് തോടിന്റെ വീതി ക്രമാതീതമായി കുറഞ്ഞെന്ന് നാട്ടുകാർ പറയുന്നു.വേലിയേറ്റ സമയത്ത് കയറുന്ന ഉപ്പ് വെള്ളം ഇടവിള കൃഷിയെ പൂർണമായും നശിപ്പിക്കുന്നു. ഇപ്പോൾ ഇവിടെ ഒരു വാഴ പോലും നടാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. തെങ്ങുകളുടെ വേരുകളും ചീഞ്ഞഴുകുകയാണ്.
ചീപ്പ് നോക്കുകുത്തി
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് 7 വർഷം മുമ്പ് ഇറിഗേഷൻ വകുപ്പ് തോട്ടിൽ 29 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ഷട്ടറുകളുള്ള ഒരു ചീപ്പ് നിർമ്മിച്ചു. ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനും കൃഷി സംരക്ഷിക്കുന്നതിനുമാണ് ചീപ്പ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ചീപ്പ് ഇറിഗേഷൻ വകുപ്പ് ആലപ്പാട് ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നു. തുടർന്ന് ചീപ്പിന്റെ മെയിന്റനൻസ് നടത്താനുള്ള ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനായിരുന്നു. എന്നാൽ 7 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ഗ്രാമപഞ്ചായത്ത് ഉപ്പ് വെള്ളത്തെ തടഞ്ഞ് നിർത്തുന്ന ഷട്ടറുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.നിലവിൽ ഷട്ടറുകൾ പൂർണമായും തുരുമ്പിച്ചു. ഇതിലൂടെയാണ് ഇപ്പോൾ ഉപ്പ് വെള്ളം കരയിലേക്ക് കയറുന്നത്. നിലവിൽ ഷട്ടറുകൾ ഉയർത്താനോ, താഴ്ത്താനേ കഴിയാത്ത സ്ഥിതിയാണ്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
രണ്ടാം വാർഡിലെ ജനങ്ങളുടെ ജീവിതം ദുരിത പൂർണമാണ്. വേലിയേറ്റ സമയങ്ങളിൽ വീടിനുള്ളിൽ പോലും ഉപ്പ് വെള്ളം കയറും. കൃഷി ചെയ്യാൻ കഴിയുന്നില്ല. തോട്ടിലേക്ക് സ്ഥാപിച്ചിട്ടുള്ള കക്കൂസുകളുടെ പൈപ്പുകൾ അടിയന്തരമായും നീക്കം ചെയ്യണം. തുടർന്ന് പുതിയ ഷട്ടറുകൾ സ്ഥാപിച്ച് ഉപ്പ് വെള്ളം കയറുന്നതിന് തടയിടണം.ദിലീപ്, പൊതു പ്രവർത്തകൻ