കൊല്ലം: കുടുംബശ്രീയുടെ 'ഹാപ്പിനസ് കേന്ദ്രങ്ങൾ' ജില്ലയിൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. നടപടികൾ അവസാനഘട്ടത്തിലാണ്. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും അവസ്ഥകൾ പരി​ശോധി​ച്ച് മെച്ചപ്പെടുത്തലുകൾ വരുത്തി വീടുകളെ സന്തോഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഹാപ്പിനസ് സെന്ററുകളുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്ന സി.ഡി.എസിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം പൂർത്തിയായി. ഓരോ വാർഡിലും 20 കുടുംബങ്ങളെ ഉൾപ്പെടുത്തി 'ഇടം' എന്ന പേരിൽ വാർഡുതല കൂട്ടായ്മ രൂപീകരിക്കും. ഓരോ ഇടത്തിലും മൈക്രോപ്ലാൻ തയ്യാറാക്കി​യാണ് പ്രവർത്തനങ്ങൾ. നേതൃത്വം നൽകാൻ ഓരോ വർഡിലെയും എഫ്.എൻ.എച്ച്.ഡബ്ല്യു.ആർ.പിമാർക്ക് ചുമതല നൽകും. കുടുംബശ്രീയുടെ തന്നെ 'എന്നിടം' പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്‌പോർട്‌സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. തദ്ദേശ വകുപ്പിന്റെ മുഖ്യപങ്കാളിത്തത്തിൽ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ജില്ലയിൽ കുടുംബശ്രീയുടെ ജെൻഡർ, എഫ്.എൻ.എച്ച്.ഡബ്ല്യു വിഭാഗത്തിനാണ് ചുമതല.

വീടുകളെ സന്തോഷ കേന്ദ്രങ്ങളാക്കും

 ജില്ലയിലെ 11 മാതൃക സി.ഡി.എസുകളിൽ പദ്ധതി ആരംഭിക്കും

 കുട്ടികൾ, മുതിർന്നവർ, വൃദ്ധർ തുടങ്ങി ഓരോ വ്യക്തിക്കും സേവനം

 വിവിധ വകുപ്പ്-കുടുംബശ്രീ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, ജനപ്രതിനിധികൾ ഉൾപ്പെട്ട മോണിട്ടറിംഗ് ടീം

 വ്യക്തികളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ, കലാ കായിക സാംസ്‌കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളിൽ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങി​യവയ്ക്ക് മുഖ്യ പരി​ഗണന

ഹാപ്പിനസ് കേന്ദ്രങ്ങൾ

 ചവറ  പൂയപ്പള്ളി  തൃക്കരുവ  കടയ്ക്കൽ  കുളക്കട  ശാസ്താംകോട്ട  ചാത്തന്നൂർ  മയ്യനാട്  ഓച്ചിറ  പിറവന്തൂർ  അഞ്ചൽ