
കൊല്ലം: കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. കാവനാട് ചെറിയാമ്പല്ലൂർ വടക്കത്തിൽ അനിൽ കുമാറിനാണ് (54) പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചോടെ രാമൻകുളങ്ങര മേടയിൽ മുക്കിലായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും കൊല്ലത്ത് നിന്ന് ശക്തികുളങ്ങരയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. പ്രദേശവാസികളും ബസിലുണ്ടായിരുന്നവരും ചേർന്നാണ് അനിൽകുമാറിനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി. അനിൽകുമാർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.