കൊല്ലം: യന്ത്രം എത്തിച്ച് കോരിമാറ്റിയിട്ടും ശുചീകരണ തൊഴിലാളികൾ ശേഖരിച്ചിട്ടും മാലിന്യപ്രശ്നത്തിൽ നിന്ന് മോചനം നേടാതെ കൊല്ലം ബീച്ച്. വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തുന്ന ബീച്ചിനാണ് ഈ ദുർഗതി. ബീച്ചിന്റെ പലഭാഗത്തായി കൂട്ടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കാറ്രിൽ പാറിപ്പറക്കുന്ന നിലയിലാണ്.
ആഹാരം കഴിക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റുകളടക്കമാണ് ഇവിടെ തള്ളിയിരിക്കുന്നത്. വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതിൽ നിക്ഷേപിക്കാറില്ല. സഞ്ചാരികളിൽ പലരും ഭക്ഷണാവശിഷ്ടങ്ങളും പാത്രങ്ങളും തീരങ്ങളിൽ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത വിധം ചില്ലുകുപ്പികൾ പൊട്ടി മണലിൽ കിടപ്പുണ്ട്. ഇതിൽ തട്ടി മുറിവേൽക്കുന്നതും പതിവ് സംഭവമാണ്. കോർപ്പറേഷന്റെയും ഡി.ടി.പി.സിയുടെയും ശുചീകരണ തൊഴിലാളികൾ ദിവസവും എത്താറുണ്ടെങ്കിലും പിന്നെയും മാലിന്യം ബാക്കിയാകുന്ന സ്ഥിതിയാണ്.
കൂട്ടിയിടും, കാറ്റിൽ പറക്കും
ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ കൂട്ടിയിടുന്നതാണ് പ്രധാനപ്രശ്നം. ശക്തമായ കാറ്റടിക്കുന്നതോടെ മാലിന്യം വീണ്ടും തീരത്ത് പരക്കും. മുപ്പത് ലക്ഷത്തി അൻപതിനായിരം രൂപ മുടക്കി 2021ലാണ് ജർമ്മൻ നിർമ്മിത ബീച്ച് ക്ളീനിംഗ് സർഫ് റേക്ക് മെഷീൻ വാങ്ങിയത്. ഇത് ഉപയോഗിച്ച് വൃത്തിയാക്കിയിട്ടും മാലിന്യത്തിന്റെ തോത് കുറയ്ക്കാനാകുന്നില്ല.
ദിവസവും കൃത്യമായി ബീച്ച് വൃത്തിയാക്കാറുണ്ട്. മാലിന്യം വലിച്ചെറിയില്ലെന്ന് ബീച്ചിലെത്തുന്നവർ ഉറപ്പാക്കിയാലേ പ്രശ്നത്തിന് പൂർണ പരിഹാരം കാണാൻ കഴിയൂ.
കോർപ്പറേഷൻ അധികൃതർ