dog

കൊല്ലം: വീട്ടിൽ ലാളിച്ച് വളർത്തിയ ഡാഷ് ഹണ്ട് ഇനത്തിലെ അരുമ നായ്ക്കളെ കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ അഞ്ചരയോടെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് ഒഴിഞ്ഞ കോണിലെ ചവറ് കൂനയ്ക്കരികിലെ തൂണിൽ കെട്ടിയിട്ടിരിക്കുന്ന നായ്ക്കളെ ആദ്യം കണ്ടത്.

പത്തുമണിവരെയും ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ കടക്കാരും നാട്ടുകാരും ഒത്തുകൂടി. വെയിലത്ത് തളർന്നുനിന്ന ദയനീയ കാഴ്ച കണ്ടതോടെ വിവരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അറിയിച്ചു. ചീഫ് വെറ്ററിനറി ഓഫീസറുടെ നിർദ്ദേശപ്രകാരം കൊല്ലം എസ്.പി.എ.സി.എ പ്രവർത്തകരായ എസ്.റിജു, ഷിബു, സജീർ, പ്രകാശ് എന്നിവർ ആംബുലൻസിലെത്തി നായ്ക്കളെ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റി.

അവശരായ നായ്ക്കൾക്ക് ഡ്രിപ്പും ജീവകങ്ങളും നൽകി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന നായ്ക്കളെ തേടി അവകാശികളാരും എത്തിയിട്ടില്ല. ഉടമ പൊതുസ്ഥലത്ത് ഉപേക്ഷിച്ചതാകാമെന്നാണ് സംശയം.

ഉടമയെക്കുറിച്ച് സൂചന ലഭിച്ചു. പരാതി ലഭിച്ചാൽ ജന്തുദ്രോഹ നിവാരണ നിയമപ്രകാരം കേസെടുക്കും.

ഡോ. ഡി.ഷൈൻകുമാർ

ചീഫ് വെറ്ററിനറി ഓഫീസർ