pp

കുണ്ടറ: മലങ്കര ഓർത്തഡോക്സ് കൊല്ലം ഭദ്രാസനത്തിലെ കുണ്ടറ കൺവെൻഷന് മുന്നോടിയായി ഇന്നലെ സുവിശേഷ റാലിയും നസ്രാണി സംഗമവും നടന്നു. നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ നിന്ന് വൈകിട്ട് 4ന് നൂറുകണക്കിന് വിശ്വാസികളുടെയും വാദ്യമേളങ്ങളുടെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെ ആരംഭിച്ച റാലി കുണ്ടറ വലിയപള്ളി അങ്കണത്തിൽ നസ്രാണി സംഗമത്തോടെ സമാപിച്ചു. പൊതുസമ്മേളനം കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.

കൺവെൻഷൻ ജനുവരി 1ന് ആരംഭിക്കും. വൈകിട്ട് 3 ന് ദീപശിഖ പ്രയാണം. ശാസ്താംകോട്ട മാർ ഏലിയ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച് കുണ്ടറ സെമിനാരി വഴി വലിയ പള്ളി കൺവെൻഷൻ നഗറിൽ സമാപിക്കും രാത്രി 7ന് കൺവെൻഷൻ ഉദ്ഘാടനം കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിർവഹിക്കും. 3ന് രാവിലെ 10ന് കൊല്ലം ഭദ്രാസനം പ്രാർത്ഥന യോഗ സംഗമം. 6ന് രാവിലെ 7ന് കൺവെൻഷൻ രജത ജൂബിലി സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷനാകും. തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ചാരിറ്റി വിതരണം, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് സ്മരണിക പ്രകാശനം, കൊട്ടാരക്കര, പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് ആശംസ പ്രസംഗം എന്നിവ നിർവഹിക്കും. തുടർന്ന് കാൻഡിൽ പ്രെയർ, സ്നേഹ വിരുന്ന് എന്നിവയോടെ സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഫാ. പി.തോമസ്, ഫാ. സി.പി.ബിജോയ്, ബിജു തങ്കച്ചൻ, ബിനു കെ.പണിക്കർ എന്നിവർ അറിയിച്ചു.