
കൊല്ലം: മദ്യപിക്കാൻ പണം നൽകാത്ത വിരോധത്തിൽ മകൻ അമ്മയെ പിച്ചാത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. തേവലക്കര മാവില ജംഗ്ഷന് പടിഞ്ഞാറ് വലിയത്ത് വീട്ടിൽ മോഹനൻ പിള്ളയുടെ ഭാര്യ കൃഷ്ണകുമാരിക്കാണ് (53) വെട്ടേറ്റത്. മൂത്തമകൻ മനുമോഹനെ (32) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മനുമോഹൻ സ്ഥിരമായി മദ്യപിച്ചെത്തി മാതാപിതാക്കളെ കൈയേറ്റം ചെയ്യുന്നത് പതിവായിരുന്നു. മനുവിനെ ഭയന്ന് വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ കൃഷ്ണകുമാരി അയൽ വീടുകളിലാണ് തങ്ങുന്നത്. ഇന്നലെ മോഹനൻ പിള്ള പുറത്തുപോയ സമയം പതിവുപോലെ കൃഷ്ണകുമാരി അയൽവീട്ടിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം മോഹനൻ പിള്ള തിരികെയെത്തിയെന്ന് കരുതി പിന്നീട് വീട്ടിലേക്ക് മടങ്ങി. ഈ സമയം വീട്ടിലെത്തിയ മനു മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് പറഞ്ഞ കൃഷ്ണകുമാരിയെ സമീപത്തിരുന്ന പിച്ചാത്തിക്ക് കഴുത്തിന് നേരെ വീശുകയായിരുന്നു.
കൈകൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടത് കവിളിനും വലതു കൈത്തണ്ടയുടെ ഞരമ്പിനും ആഴത്തിൽ മുറിവേറ്റു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് കൃഷ്ണകുമാരിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്രി. നാട്ടുകാർ തടഞ്ഞുവച്ചാണ് മനുവിനെ പൊലീസിന് കൈമാറിയത്. കൊലപാതകശ്രമത്തിന് കേസെടുത്തു. ഇളയമകൻ അനു അങ്കമാലിയിലാണ് ജോലി ചെയ്യുന്നത്.