കൊല്ലം: കുടുംബം ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. പാശ്ചാത്യർ പോലും കേരളത്തെ മാതൃകയാക്കുമ്പോൾ പുതുതലമുറ കുടുംബം എന്ന സങ്കൽപ്പത്തിൽ നിന്ന് അകലുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പനയറ കുടുംബസമിതിയുടെ പതിനഞ്ചാം വാർഷിക സമ്മേളനത്തിന്റെയും കുടുംബസംഗമത്തിന്റെയും സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സന്ദർഭത്തിൽ കുടുംബബന്ധങ്ങളുടെ ഊഷ്മളതയെ വരും തലമുറകൾക്ക് കാണിച്ചുകൊടുക്കാൻ ഇത്തരത്തിലുള്ള കുടുംബസംഗമങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമിതി പ്രസിഡന്റ് ബി.മോഹനൻ അദ്ധ്യക്ഷനായി. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, കൊല്ലം യൂണിയൻ മുൻ സെക്രട്ടറി പ്രൊഫ.ജി.മോഹൻദാസ്, കുടുംബസമിതി സെക്രട്ടറി സുനിൽ എച്ച്.പനയറ, വൈസ് പ്രസിഡന്റ് എസ്.സോണിവാസ്, രക്ഷാധികാരികളായ ഗോപകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും വ്യക്തിത്വങ്ങളെയും പുരസ്കാരം നൽകി ആദരിച്ചു. വാർഷിക പൊതുയോഗത്തിൽ ട്രഷറർ കെ.സന്തോഷ് കുമാർ കണക്ക് അവതരിപ്പിച്ചു. പ്രസിഡന്റ് ബി.മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി സുനിൽ എച്ച്.പനയറ,ജോയിന്റ് സെക്രട്ടറി എസ്.റജി, വൈസ് പ്രസിഡന്റ് എസ്.സോണിവാസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി റിട്ട. ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കലാകായികമത്സരങ്ങളും നടന്നു.