തെന്മല : കിഴക്കൻ മേഖലയിൽ വായ്പാ ഇടപാടുകളുടെ മറവിൽ ' ചെറിയ ' ബാങ്കുകളുടെ വലിയ ചൂഷണം. പുതുതലമുറ ബാങ്കുകൾക്ക് പിന്നാലെ കളം പിടിച്ച ' സ്മാൾ ' ബാങ്കുകളാണ് മൈക്രോ വായ്പകളുടെ മറവിൽ സാധാരണക്കാരെ പിഴിയുന്നത്. സ്ത്രീകളെയാണ് ഇത്തരം വായ്പാ സംഘങ്ങളുടെ ഏജന്റുമാർ പ്രധാനമായും ലക്ഷ്യമിടുന്നത്. തെന്മല പഞ്ചായത്തിലെ വലിയകാവ്, ഓലപ്പാറ പ്രദേശങ്ങളിലും പിറവന്തൂർ പഞ്ചായത്തിലെ മഹാദേവർമൺ, പെരുന്തോയിൽ , മൈയ്ക്കാമൺ മേഖലകളിലും ഈ ബാങ്കുകളുടെ വായ്പാ നെറ്ര്വർക്ക് പിടിമുറുക്കി കഴിഞ്ഞു.
ആധാറും ഫോട്ടോയും നൽകിയാൽ നടപടി ക്രമങ്ങളുടെ സങ്കീർണതയില്ലാതെ തുക അകൗണ്ടിലെത്തും.
ഗുണഭോക്താക്കൾ സ്ഥിരവരുമാനക്കാരല്ലാത്ത സാധാരണക്കാരയതിനാൽ ആഴ്ച്ചയിലാണ് തവണ വ്യവസ്ഥ.
ആരെങ്കിലും ഒരാൾ തവണ മുടക്കിയാൽ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ ഇടപെടാറില്ല. പകരം ഗ്രൂപ്പ് ഒന്നാകെ വീഴ്ച്ച വരുത്തിയവർക്കെതിരെ തിരിയുന്നതാണ് രീതി.
ഗ്രൂപ്പിന് ബാങ്കിന്റെ മുന്നിലുള്ള സൽപ്പേര് നിലനിറുത്താൻ മുടക്കം വരുത്തുന്നവർക്ക് മേൽ സമ്മർദം ചെലുത്തും
മുക്കാൽ ലക്ഷം മുതൽ 2 ലക്ഷം വരെ വ്യക്തിഗത ആവശ്യങ്ങൾക്ക് നൽകുന്നു. സംരംഭകരുടെ കൂട്ടായ്മകൾക്ക് വലിയ തുക നൽകുന്നു.
28 ശതമാനത്തോളം ഫ്ലാറ്റ് പലിശ നിരക്കിലാണ് തവണകൾ. മുടക്ക് വരുത്തുന്നവർക്ക് ഇടയ്ക്ക് വച്ച് കുടിശിക ഇളവ് നൽകി പുതുക്കിയ വായ്പ നൽകും.
പകുതിക്ക് തീർപ്പാക്കുന്ന വായ്പയ്ക്ക് മുഴുവൻ കാലാവധിയും കണക്കാക്കി പലിശ വസൂലാക്കുന്നു.
കുടിശികയിൽ നിന്നൊഴിവാകാൻ പുതിയ വായ്പ എടുക്കുന്നവർ ഉയർത്തിയ വായ്പയുടെ കൂടിയ തവണയിൽ വീർപ്പ് മൂട്ടുന്നു.
കൂടാതെ ഒരോ വായ്പയ്ക്കും സർചാർജും കമ്മീഷനും വേറെയും.
ഒരു ബാങ്കിന്റെ സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാൻ വീട്ടിലെ മറ്റ് അംഗങ്ങളെ കൊണ്ട് വേറെ ബാങ്കിൽ നിന്ന് ലോണെടുത്തും കുരുക്ക് തനിയെ മുറുക്കുന്നവരുണ്ട്.
അമിത പലിശ ഈടാക്കൽ
പത്തോളം 'സ്മാൾ ' ബാങ്കുകൾ ഈ മേഖലയിൽ രംഗത്തുണ്ടെങ്കിലും തമിഴ്നാട് കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളാണത്രെ പിടി മുറുക്കുന്നത്. തിരിച്ചടവിലെ വീഴ്ച്ച ഗ്രൂപ്പ് അംഗങ്ങളുടെ ആകെ സിബിൽ സ്കോറിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കുടിശികക്കാരെ മറ്റുള്ളവർ സമ്മർദത്തിലാക്കുന്നത്. പൊതുമേഖല ബാങ്കിംഗ് സേവനം കാര്യക്ഷമമല്ലാത്ത വിദൂര സ്ഥലങ്ങളിലായിരിക്കണം ' സ്മാൾ ' ബാങ്കുകളുടെ ഇടപാടുകളുടെ 25 ശതമാനവും എന്ന ചട്ടമുള്ളതിനാലാണ് വളരാൻ വെമ്പുന്ന ഇക്കൂട്ടർ വനമേഖലയെ ലക്ഷ്യമിടുന്നത്.
നിയമസഭ പാസാക്കിയ അമിത പലിശ ഈടാക്കൽ നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്ന് നാട്ടിലെ പൊതുപ്രവർത്തകർ പറയുന്നു.