കൊല്ലം: ജി​ല്ലയി​ലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായ സാമ്പ്രാണിക്കോടിയിൽ അതിവേഗം എത്താൻ കുരീപ്പുഴയിൽ നിന്ന് പുതിയ പാലത്തിനുള്ള രൂപരേഖയായി. സ്ഥലമേറ്റെടുക്കലും നിർമ്മാണവും സഹിതം 70 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രൂപരേഖ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് തയ്യാറാക്കി വൈകാതെ ഭരണാനുമതിക്കായി സമർപ്പിക്കും. രണ്ടിടത്തും അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കണം.

ദേശീയപാത 66ൽ (ബൈപ്പാസ്) കുരീപ്പുഴ പള്ളിക്ക് സമീപത്ത് നിന്നാണ് പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്നത്. സാമ്പ്രാണിക്കോടിയിലെ ബോട്ട് ജെട്ടിക്ക് സമീപമാണ് അവസാനം.കുരീപ്പുഴ ഭാഗത്ത് കെട്ടിടങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തിലാണ് അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. പാലം കടന്നുപോകുന്നത് ജലഗതാഗതമുള്ള സ്ഥലത്ത് കൂടിയാണ്. അതുകൊണ്ട് തന്നെ പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ 45 മീറ്റർ വീതിയി​ലാണ് നി​ർമ്മിക്കുന്നത്. നിർമ്മാണത്തിന് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

അഞ്ചാലുംമൂട് വഴി ചുറ്റിക്കറങ്ങി

നി​ലവി​ൽ കടവൂരിൽ നിന്ന് അഞ്ചാലുംമൂട് വഴി ചുറ്റിക്കറങ്ങിയാണ് സ‌ഞ്ചാരികൾ സാമ്പ്രാണിക്കോടിയിലേക്ക് പോകുന്നത്. പുതിയ പാലം വരുന്നതോടെ യാത്രാ ദൂരം കുറയും. പ്രാക്കുളത്തുകാർക്കും അതിവേഗം കൊല്ലത്ത് എത്താം. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പാലത്തിന്റെ ഇരുവശവും ഗാലറി സഹിതമുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ബഡ്ജറ്റിൽ പാലത്തിന് പണം അനുവദിച്ചേക്കും.

.......................................

നിർമ്മാണ ചെലവ് 70 കോടി

.................................

ആകെ നീളം: 653 മീറ്റർ

വീതി: 11 മീറ്റർ

ആകെ സ്പാനുകൾ: 21

നടുവിലെ മൂന്ന് സ്പാനുകൾ: 45 മീറ്റർ

കായൽ സൗന്ദര്യം ആസ്വദിക്കാം

പാലത്തിന്റെ ഇരുവശങ്ങളിലും ഗാലറി