map
ഗ്രീൻഫീൽഡ് ഹൈവേ

കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് അന്തിമമാകാത്തതിനാൽ ദേശീയപാത അതോറിറ്റിട്ടിക്ക് വിശദ വിലനിർണയ റിപ്പോർട്ട് സമർപ്പിച്ച വില്ലേജുകളിലെയും നഷ്ടപരിഹാരം വൈകുന്നു. പുതിയ ഹൈവേയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട നൂറുകണക്കിന് ഭൂവുടമകൾ സ്ഥലങ്ങൾ വിൽക്കാനും പണയപ്പെടുത്തി വായ്പയെടുക്കാനുമാകാതെ കഴിഞ്ഞ രണ്ട് വർഷമായി ദുരിതത്തിലാണ്.

ഐരനല്ലൂർ, ഇടമൺ, ഏരൂർ, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് പുതിയ ഹൈവേയുടെ അലൈൻമെന്റ് വനത്തിനുള്ളിലൂടെ കടന്നുപോകുന്നത്. കൂടുതൽ ആഘാതമുണ്ടാക്കുന്ന ഈ അലൈൻമെന്റ് അംഗീകരിക്കില്ലെന്ന് വനം വകുപ്പ് നിലപാടെടുത്തതോടെ വനത്തിന്റെ അരികിലൂടെ പോകുന്ന തരത്തിൽ അലൈൻമെന്റ് പരിഷ്കരിച്ചു. ഈ പരിഷ്കാരം സഹിതം പാതയുടെ അലൈൻമെന്റ് അന്തിമമാക്കിയ ശേഷമേ വിശദ വിലനിർണയ റിപ്പോർട്ട് സമർപ്പിച്ച വില്ലേജുകളിലെയും നഷ്ടപരിഹാരം വിതരണം ചെയ്യൂവെന്നാണ് സൂചന.

നേരത്തെ നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതോടെ മാസങ്ങളോളം പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ സ്തംഭിച്ചിരുന്നു. പിന്നീട് പാതയുടെ നിർമ്മാണ സാമഗ്രികൾക്ക് ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ചത്.

അലൈൻമെന്റ് അന്തിമമായില്ല

 നിലവിൽ കടന്നുപോകുന്നത് വനത്തിനുള്ളിലൂടെ

 വനംവകുപ്പ് അംഗീകരിച്ചില്ല

 പരിഷ്കരിച്ച അലൈൻമെന്റിലും അതൃപ്തി

 അലൈൻമെന്റ് മാറ്റത്തിന് സാദ്ധ്യത

 ഐരനല്ലൂർ, ഇടമൺ, ഏരൂർ വില്ലേജുകളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടുത്തിയുള്ള ത്രി ഡി വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല

ഏറ്റെടുക്കുന്ന ഭൂമി -265 ഹെക്ടർ

നീളം - 59.36 കിലോ മീറ്റർ

വീതി - 45 മീറ്റർ (4 വരി)

അടങ്കൽ തുക ₹ 4047 കോടി

വിലനിർണയ റിപ്പോർട്ട് സമർപ്പിച്ച വില്ലേജുകൾ, ഏറ്റെടുക്കുന്ന സ്ഥലം ഹെക്ടറിൽ, നഷ്ടപരിഹാരം

ഇട്ടിവ- 2.28, ₹ 20 കോടി

നിലമേൽ- 4.34, ₹ 29 കോടി

അലയമൺ- 8.95, 61 കോടി

അഞ്ചൽ- റവന്യു പുറമ്പോക്ക് മാത്രം

അലൈൻമെന്റിൽ തീരുമാനമാകാതെ ത്രി ഡി വിജ്ഞാപനവും സ്ഥലം ഏറ്റെടുക്കലും നടത്താനാവില്ല.

ദേശീയപാത അധികൃതർ