pp

കുണ്ടറ: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായി. പടപ്പക്കര പുഷ്പ വിലാസത്തിൽ അഖിലിനെ ശ്രീനഗറിൽ നിന്നാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് 16ന് മാതാവ് പുഷ്പലത, പുഷ്പലതയുടെ പിതാവ് ആന്റണി എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവ ശേഷം പുഷ്പലതയുടെ ഫോണും എ.ടി.എം കാർഡും മോഷ്ടിച്ച് കടന്നുകളഞ്ഞ മകൻ അഖിൽ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഹോട്ടലുകളിലും കടകളിലും ജോലി ചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. പ്രധാന ബാങ്കുകളുടെ ഹെഡ് ഓഫീസ് വഴി പ്രതിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് കണ്ടെത്തിയാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.

വിവിധ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കടകളിൽ ജോലിക്ക് നിന്നിരുന്ന പ്രതി സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം അയപ്പിച്ചിരുന്നത്. 25 ദിവസം മുമ്പ് അഖിലിന്റെ അക്കൗണ്ടിൽ നിന്ന് ശ്രീനഗറിൽ നിന്ന് പണം പിൻവലിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് കുണ്ടറ എസ്.എച്ച്.ഒ വി.അനിൽ കുമാറും സി.പി.ഒ അനീഷ്, ആലപ്പുഴയിൽ നിന്നുള്ള സി.പി.ഒ നിഷാദ് എന്നിവർ അവിടെ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ശ്രീനഗറിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും.