കൊല്ലം: തലവേദനയെ നിസാരമായി തള്ളിക്കളയരുതെന്നും ചില തലവേദനകൾ ഗുരുതര രോഗത്തിന്റെ ലക്ഷണമാണെന്നും കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ് പറയുന്നു.

സർവസാധാരണമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് തലവേദന. ലോക ജനസംഖ്യയിൽ 52 ശതമാനം പേരിൽ തലവേദന കണ്ടുവരുന്നു. ലോകജനസംഖ്യയുടെ 15 ശതമാനം പേർക്ക് ഒരു ദിവസം തലവേദന വരുന്നുണ്ട്. ഇങ്ങനെയുള്ള തലവേദന വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും ബാധിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ. പക്ഷേ തലവേദനയെപ്പറ്റി കൂടുതൽ മനസിലാക്കാനും രോഗനിർണയത്തിനും ശരിയായ ചികിത്സയ്ക്കും വളരെ ചെറിയ ശതമാനത്തിനേ സാധിക്കുന്നുള്ളു.

250 ഓളം കാരണങ്ങൾ കൊണ്ട് ഒരാൾക്ക് തലവേദന വരാം. തലവേദനയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പ്രൈമറി ഹെഡ് ഏക്ക്, സെക്കണ്ടറി ഹെഡ് ഏക്ക്, പെയിൻഫുൾ ക്രേനിയൽ ന്യൂറോപ്പതീസ്. കൂടുതലായി കാണുന്നത് മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ തലവേദന മാത്രം അനുഭവപ്പെടുന്ന പ്രൈമറി ഹെഡ് ഏക്കാണ്. മൈഗ്രേൻ, ടെൻഷൻ ടൈപ്പ് ഹെഡ് ഏക്ക്, ക്ലസ്റ്റർ ഹെഡ് ഏക്ക് മുതലായവയാണ് ഇതിന്റെ പ്രധാനപ്പെട്ട ഉദാഹരണങ്ങൾ. ശരീരത്തെ ബാധിക്കുന്ന ഏതെങ്കിലും രോഗം കൊണ്ടുവരുന്ന തലവേദനയാണ് സെക്കണ്ടറി ഹെഡ് ഏക്ക്.

റെഡ് ഫ്ലാഗ്സ്

അപകടകരമായ തലവേദനയുടെ ലക്ഷണങ്ങൾ വൈദ്യശാസ്ത്രത്തിൽ റെഡ് ഫ്ലാഗ്സ് എന്നാണ് അറിയപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ തലവേദന, ജീവിതക്രമത്തെ ബാധിക്കുന്ന തരത്തിലുള്ള തീക്ഷ്ണമായ തലവേദന, ദിവസം കഴിയുന്തോറും തീവ്രത വദ്ധിക്കൽ, തലവേദനയ്ക്കൊപ്പം പനി, തലയിൽ നേരത്ത മുറിവുണ്ടായ ചരിത്രം, തലവേദനയ്ക്കൊപ്പം മയക്കം, ഓർമ്മക്കുറവ്, അറിയാതെ മല, മൂത്രം വിസർജ്ജനം, സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട്, കൈ കാൽ തളർച്ച, അപസ്മാരം തുടങ്ങിയവയാണ് റെഡ് ഫ്ലാഗുകൾ. കഴുത്ത് കുനിച്ച് പരിശോധിക്കുമ്പോൾ വേദന, കണ്ണിലെ ഞരമ്പുകളിൽ നീര് തുടങ്ങിയവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. രാവിലെ ഏഴുന്നേൽക്കുമ്പോഴുള്ള കടുത്ത തലവേദനയെയും സൂക്ഷിക്കണം.

ശങ്കേഴ്സിൽ ന്യൂറോ മെഗാ

മെഡിക്കൽ ക്യാമ്പ് 6 മുതൽ

കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് ജനുവരി 6 മുതൽ 11 വരെ നടക്കും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ന്യൂറോ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്.

ചികിത്സാ പദ്ധതികളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.

ഇളവുകൾ

 കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം

 ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്

 സി.ടി സ്കാനിന് 20 ശതമാനം ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000