കൊല്ലം: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. എക്സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുമായി സഹകരിച്ച് ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിത വേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയുന്നതിനുമുള്ള പരിശോധനകൾ ശക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പൊലീസിന്റെ പ്രത്യേക പരിശോധനകൾ ഉണ്ടാകും. റോഡുകളിൽ അമിത വേഗമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അറുപതോളം സ്ഥലങ്ങളിൾ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസും എക്സൈസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും. നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കും.
പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനഃധികൃതമായി ഉപയോഗിക്കുന്ന മൈക്ക്സെറ്റ് അടക്കമുള്ളവ പിടിച്ചെടുത്ത് ഓപ്പറേറ്റർ അടക്കമുള്ളവർക്കെതിരെയും, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കും.
50 പിക്കറ്റ് പോയിന്റുകൾ
കുറ്റവാളികളുടെ സാന്നിദ്ധ്യം ഉണ്ടാവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്. പുതുവത്സരം പ്രമാണിച്ച് പ്രത്യേക പട്രോളിംഗിനായി 42 പൊലീസ് ജീപ്പുകളും 35 ബൈക്കുകളും, വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ് നിറുത്തി പരിശോധിക്കുന്നതിനായി 60 വെഹിക്കിൾ ചെക്കിംഗ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ നാല് എ.സി.പിമാരുടെ നിയന്ത്രണത്തിൽ 15 പൊലീസ് ഇൻസ്പെക്ടരന്മാരും 200 ഓളം എസ്.ഐ മാരും അടക്കം 700 പോലീസ് ഉദ്യോഗസ്ഥരും എക്സൈസ്, മോട്ടോർ ഉദ്യോഗസ്ഥരുമാണ് ഒരുങ്ങിയിരിക്കുന്നത്.