
കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ ആളില്ലാത്ത വീട്ടിലെ ഷെഡിൽ വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നത്തൂർ പടിഞ്ഞാറ് ശ്രീവിലാസത്തിൽ സഹദേവന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. കുന്നത്തൂർ കളീലുവിള ജംഗ്ഷനിലാണ് സംഭവം.
സഹദേവനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിലുള്ളവർ ജോലി സംബന്ധമായി എണാകുളത്താണ് കഴിഞ്ഞുവരുന്നത്. ഇതിനാൽ സഹദേവന്റെ സഹോദരൻ ഓമനക്കുട്ടനാണ് വീടും പറമ്പുമെല്ലാം നോക്കി വരുന്നത്. വീട്ടുടമസ്ഥ എറണാകുളത്ത് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ കുന്നത്തൂരിലെ കുടുംബ വീട്ടിലെ സി.സി ടി.വി മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഷെഡ് പൂർണമായും കറുത്ത് കിടക്കുന്നതായി മനസിലായി. ഉടൻ ഓമനക്കുട്ടനെ വിവരം അറിയിച്ചു. ഇയ്യാളെത്തി നോക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഷെഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറും പത്തായവും മറ്റ് ഫർണീച്ചറുകളും കത്തിക്കരിഞ്ഞു. ദുരൂഹത ഉണ്ടോയെന്ന് അറിയാൻ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ:വത്സല.