കൊല്ലം: കൊല്ലത്തിന് ഒരുപിടി സന്തോഷങ്ങളും ഒത്തിരി സങ്കടങ്ങളും സമ്മാനിച്ചാണ് 2024 മടങ്ങുന്നത്. കൊല്ലത്തിന്റെ പല സ്വപ്നങ്ങളും പിന്നിട്ട വർഷത്തിൽ സഫലമായി. ഒരുപിടി പ്രതീക്ഷയോടെയാണ് കൊല്ലം പുതിയ വർഷത്തിലേക്ക് കടക്കുന്നത്. 2024 ലെ പ്രധാന സംഭവങ്ങളിലൂടെ.

ജനുവരി- 8 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ചാമ്പ്യന്മാരായി.

ജനുവരി 12- കൊല്ലം പട്ടത്താനത്ത് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി.

ജനുവരി 27- കിരങ്കൊടി കാണിക്കാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലമേലിൽ റോഡിലിരുന്ന് പ്രതിഷേധിച്ചു.

മാർച്ച് 22- മൂതാക്കര ഹാർബറിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി തമിഴ്നാട് സ്വദേശിയായ വൃദ്ധൻ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു.

മാർച്ച് 25- കൊറ്റങ്കുളങ്ങര ചമയ വിളക്കിനിടെ വണ്ടിക്കുതിരയുടെ കയറിൽ കുരുങ്ങി അഞ്ചുവയസുകാരി മരിച്ചു.

ജൂൺ 4- ലോക് സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും വീണ്ടും വിജയിച്ചു.

ജൂൺ 16- കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചു.

സെപ്തംബർ 15- മൈനാഗപ്പള്ളി ആനൂർക്കാവിൽ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ചിരുന്ന കാർ സ്കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തി. സ്കൂട്ടർ ഓടിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശിനിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തി.

ഒക്ടോബർ 19- ഓയൂരിൽ രാത്രിയിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ ശരീരത്തിൽ തീ കൊളുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. രണ്ട് കുട്ടികളും മരിച്ചു.

നവംബർ 7- കളക്ടറേറ്റ് സ്ഫോടനകേസിലെ പ്രതികളെ മൂന്ന് ബേസ് മൂവ്മെന്റ് പ്രവർത്തകർക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കനത്ത ശിക്ഷ വിധിച്ചു.

നവംബർ 20- രാജ്യത്തെ ആദ്യ ‌ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം തുടങ്ങി.

ഡിസംബർ 3- കൊല്ലം ചെമ്മാംമുക്കിൽ വച്ച് കൊട്ടിയം സ്വദേശി ഭാര്യ സഞ്ചരിച്ചിരുന്ന കാർ തട‌ഞ്ഞുനിറുത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്രതി കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങി.

ഡിസംബർ 12- സി.പി.എം ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ വീണ്ടും തിരഞ്ഞെടുത്തു.