തൊടിയൂർ: താമശയ്ക്കായി ചെയ്യുന്ന പലകാര്യങ്ങളും ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സൈബർ പൊലീസ് എസ്.ഐ എ.നിയാസ്. വിദ്യാർത്ഥികൾക്കായി കേരളകൗമുദി ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന സൈബർ സുരക്ഷ ബോധവത്കരണ സെമിനാറിൽ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
സൈബർ ക്രൈമുകൾ ഒരിക്കലും മറച്ചുപിടിക്കാൻ കഴിയില്ല. എത്ര കാലം കഴിഞ്ഞാലും മറനീക്കി പുറത്തുവരും. ഡിലീറ്റ് ചെയ്യുന്നത് എന്തായാലും തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടെന്ന കാര്യം ഓർമ്മവേണം. ഫേക്ക് ഐ.ഡി ഉണ്ടാക്കിയാൽ പിടിക്കപ്പെടാം, ഹിസ്റ്ററി ക്ലിയർ ചെയ്താലും പിടികിട്ടും. സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തുന്നത് ശ്രദ്ധയോടെ വേണം. ആവശ്യമില്ലാതെ ഇടുന്ന കമന്റുകൾ മറ്റൊരാളുടെ ജീവൻ വരെ അപഹരിക്കാം. ഇങ്ങനെ സംഭവിച്ചാൽ കമന്റിടുന്നവരും ഭാഗികമായി ആ മരണത്തിൽ ഉത്തരവാദികളാകും. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത വേണം. അപരിചിതരായവർക്ക് ഫോൺ കൊടുക്കുന്നതുപോലെയാണ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം കൊടുക്കുന്ന പെർമിഷനുകൾ. ആൺകുട്ടികൾ പലപ്പോഴും ഗെയിമുകൾ കളിക്കാനായി അക്കൗണ്ടുകൾ സുഹൃത്തുകൾക്ക് നൽകുന്നത് കാണറുണ്ട്. എന്നാൽ ഈ അക്കൗണ്ട് ഉപയോഗിച്ച് അവർ എന്ത് കുറ്റകൃത്യം ചെയ്താലും അക്കൗണ്ടിന്റെ ഉടമയായിരിക്കും ആദ്യം പിടിക്കപ്പെടുന്നത്. സംശയങ്ങൾ തീർക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗൂഗിളിൽ സംശയങ്ങൾ തീർക്കുമ്പോൾ എല്ലാം ശരിയാകണമെന്നില്ല. ഒരുചോദ്യത്തിന് പലപ്പോഴും ഗൂഗിൽ ഒരുപാട് മറുപടികൾ തരും. ഇതിൽ ശരിയായത് തെരഞ്ഞെടുക്കേണ്ടത് നമ്മളാണ്. കസ്റ്റമർ കെയർ നമ്പറുകളിലേക്ക് വിളിച്ച് കബളിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. ഷോപ്പിംഗ് വെബ്സൈറ്രുകൾ വഴിയോ ആപ്ലിക്കേഷനുകൾ വഴിയോ ഓർഡർ ചെയ്യുന്ന സാധനം മാറി വരുമ്പോഴാണ് ഗൂഗിളിൽ നിന്ന് കസ്റ്രമർ കെയർ നമ്പർ തപ്പിയെടുത്ത് അതിലേക്ക് വിളിക്കുന്നത്. എന്നാൽ നിങ്ങളുടെ കാർഡിന്റെ നമ്പറും ഒ.ടി.പിയും ഉൾപ്പടെ കൈക്കലാക്കി പണം തട്ടാനാണ് ശ്രമിക്കുക. ഒരിക്കലും ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിക്കരുത്. സോഷ്യൽ മീഡിയയിൽ വരുന്ന ഫ്രണ്ട് റിക്വസ്റ്റ് എല്ലാം ഒരിക്കലും സ്വീകരിക്കാൻ പാടില്ല. അതിലും ചതിക്കുഴികൾ പതിയിരിപ്പുണ്ടെന്ന ബോദ്ധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.