ccc
പണിതിട്ടും പണിതിട്ടും പണിതീരാതെ പത്തനാപുരത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്.

പത്തനാപുരം: ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും പത്തനാപുരത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പണി പൂർത്തിയായിട്ടില്ല. 2020ൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പണിതീരാത്തിട്ടും ഷോപ്പിംഗ് മാൾ ഉദ്ഘാടനം ചെയ്തത്. നാടിന്റെ വികസനത്തിന് പ്രതീക്ഷയേകിയ പദ്ധതി ഇന്ന് ത്രിശങ്കുവിലാണ്. രണ്ടാഴ്ച മുൻപ് പണികൾ എത്രയും വേഗം പൂർത്തിയാക്കി ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. ഇതേ തുടർന്ന് മാളിൽ മോഹൻലാലിന്റെ സിനിമാ കമ്പനിയായ ആശിർവാദ് സിനിമാസ് ഉടൻപ്രവർത്തനമാരംഭിക്കുമെന്ന് പറഞ്ഞ് സമരം അവസാനിപ്പിച്ചു. നാട് മുഴുവൻ അനൗൺസ്മെന്റും നടത്തി . ഒരാഴ്ച മുൻപ് തീയേറ്റർ ഉദ്ഘാടനം നടത്തിയെങ്കിലും സിനിമാപ്രദർശനം തുടങ്ങാനായില്ല. ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീയേറ്റർ പ്രവർത്തനം നടത്താനാകാത്തത്.

ലോൺ പലിശയടച്ച് വലഞ്ഞ് പഞ്ചായത്ത്

35 കോടിയോളം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 28 കോടിയോളം ലോണുമുണ്ട്. ഇതിന്റെ പലിശ ഇനത്തിൽ മാസം തോറും 25 ലക്ഷം വീതം പഞ്ചായത്ത് അടക്കണം. പണികൾ പൂർത്തിയാക്കാത്തതിനാൽ 4 മാസം കൂടുമ്പോൾ ഒരു കോടി രൂപ വച്ച് രണ്ട് വർഷമായി അടക്കുകയാണ് . ഇതോടെ പഞ്ചായത്ത് സാമ്പത്തിക പ്രതിസന്ധിയിലുമാണ്. തനത് ഫണ്ടടക്കം പലിശയിനത്തിലേക്ക് മാറ്റുന്നതിനാൽ പഞ്ചായത്തിൽ റോഡിന്റേതടക്കമുള്ള വികസന പ്രവർത്തനങ്ങൾ മുടങ്ങുകയാണ്. റോഡ് പുനരുദ്ധാരണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാകാത്ത സ്ഥിതിയിലാണ് പഞ്ചായത്ത്. ഒട്ടേറെ ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമാണ്.

വ്യാപാരികളും കഷ്ടത്തിൽ

ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി കടമുറികൾ ലേലം ചെയ്തിരുന്നു. അവരിൽ നിന്ന് ലക്ഷങ്ങൾ ഡെപ്പോസിറ്റിനത്തിൽ വാങ്ങിയെങ്കിലും കടമുറികൾ പ്രവർത്തിക്കാനാകാത്തതിനാൽ വ്യാപാരികളും കഷ്ടത്തിലാണ്. പലരും തുക മടക്കി വാങ്ങാനൊരുങ്ങുകയാണ്. തീയേറ്റർ പ്രവർത്തനമാരംഭിച്ചാൽ പഞ്ചായത്തിന്ന് ടാക്സിനത്തിൽ നല്ലൊരു വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മാൾ ഉദ്ഘാടനം അനന്തമായി നീളുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ പിയും അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുവാനാണ് നീക്കം.