കൊല്ലം : ശിവഗിരി പദയാത്രികരുടെ യാത്രാദുരിതം പരിഹരിയ്ക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 195-ാം നമ്പർ ശാഖ ആവശ്യപ്പെട്ടു. പദയാത്രികർ കാൽ നടയായും വാഹനത്തിലും കരുനാഗപ്പള്ളി ഹൈവേയിൽ നിന്ന് പണിക്കരുകടവ് തീരദേശ റോഡ് വഴി പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് ക്ഷേത്രദർശനം നടത്തിയിട്ട് അത്രയും തന്നെ ദൂരം തിരിച്ച് സഞ്ചരിച്ച് കരുനാഗപ്പള്ളി ഹൈവേയിലെത്തിയിട്ട് വേണം ശിവഗിരിയിലേക്ക് യാത്ര ചെയ്യാൻ. ഇത് തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കെ.എം.എം.എൽ എം.എസ് യൂണിറ്റിന് മുന്നിൽക്കൂടിയുള്ള പരമ്പരാഗത റോഡ് തുറന്ന് നൽകിയാൽ വെറും 4 കിലോമീറ്റർ സഞ്ചരിച്ച് പുത്തൻ തുറയിലെ ഹൈവേയിലെത്തിച്ചേരുമ്പോൾ ഏകദേശം 20 കിലോമീറ്റർ ലാഭമാണ് തീർത്ഥാടകർക്കുണ്ടാകുന്നത്. ഇത്തവണ ശിവഗിരി തീർത്ഥാടകർ മുൻപത്തേക്കാൾ പതിൻ മടങ്ങാണ് കാട്ടിൽമേക്കതിൽ ക്ഷേത്രദർശനത്തിനെത്തിയത്. എം.എസ് യൂണിറ്റിന് മുമ്പിൽ കൂടിയുള്ള പരമ്പരാഗത വഴികളിലുള്ള അനധികൃത നിർമ്മാണങ്ങൾക്കൊണ്ടുള്ള തടസങ്ങൾ ഒഴിവാക്കി സഞ്ചാര സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. ചന്ദ്രശേഖരൻ, പ്രശാന്ത് പൊൻമന, ശ്രീകുമാർ, രഞ്ജിത്ത് പൊൻമന, സന്തോഷ്, സിദ്ധാർത്ഥൻ, ബൈജു ലവൻ,ലില്ലി തുടങ്ങിയവർ സംസാരിച്ചു.