തൊടിയൂർ: പുതുതലമുറയെ വാർത്തെടുക്കുന്നതിലും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലുമെല്ലാം കേരളകൗമുദിയുടെ പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം പറഞ്ഞു. വിദ്യാർത്ഥികൾക്കായി കേരളകൗമുദി ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ മാനസിക പിരിമുറുക്കത്തിലേക്കും ആത്മഹത്യയിലേക്കും എത്തിപ്പെടുന്നു. ഈ സാഹചര്യത്തിൽ സൈബറിടത്തെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. കേരളകൗമുദി നടത്തുന്ന ക്യാമ്പയിൻ മാതൃകാപരമാണ്. പി.ടി.എ പ്രസിഡന്റ് എസ്. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജി.പ്രദീപ് കുമാർ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ഗ്രാമപഞ്ചായത്തംഗം കെ.ധർമ്മദാസ്, എസ്.എം.സി ചെയർമാൻ കെ.നൗഷാദ്, എസ്.എം.സി വൈസ് ചെയർമാൻ സരിത ശ്രീജിത്ത് എന്നിവർ സംസാരിച്ചു.