കൊല്ലം: പത്ത് വർഷം മുമ്പ് അഞ്ചാലുംമൂട് കുപ്പണ പൊങ്ങുംതാഴെ കായൽവാരത്ത് ആൾത്താമസമില്ലാത്ത വീടിന്റെ സെപ്ടിക് ടാങ്കിൽ നിന്ന് വീട്ടമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ കേസിലെ പ്രതിയെ കൊല്ലം അഡീഷണൽ സെക്ഷൻസ് ജഡ്‌ജി പി.എൻ.വിനോദ് വെറുതെ വിട്ടു.

തൃക്കടവൂർ മുരുന്തൽ വെട്ടുവിള ധന്യ നിവാസിൽ ശ്രീദേവിഅമ്മയെ (54) ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കേസിൽ തൃക്കടവൂർ കുപ്പണ തെക്കേവിള വടക്കതിൽ രാജേഷിനെയാണ് വെറുതെ വിട്ടത്. 2014ലെ തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ ശ്രീദേവി അമ്മയുടെ മകൾ ധന്യ എറണാകുളത്തെ ഭർത്തൃവീട്ടിൽ നിന്ന് വെട്ടുവിളയിലെ വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ശ്രീദേവി അമ്മയുടെ ഫോണിൽ ധന്യ പലതവണ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. അയൽ വീടുകളിൽ അന്വേഷിച്ചപ്പോൾ ഓണം കൂടാൻ മകൾ വരുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ പോകുവാണെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ടുവെന്നും കുറെ കഴിഞ്ഞ് വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായും അയൽവാസികൾ പറഞ്ഞു. ഏറെ നേരം അന്വേഷിച്ചിട്ടും കാണാഞ്ഞതോടെ ധന്യ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷെ ശ്രീദേവി അമ്മയെ കണ്ടെത്താനായില്ല.

വഴിത്തിരിവ്

ശ്രീദേവി അമ്മയെ കാണാതായി ഒരു വർഷം പിന്നിട്ടപ്പോൾ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചു. മേശിരിപ്പണിക്കാരനായ തൃക്കടവൂർ സ്വദേശി രാജേഷ് ശ്രീദേവി അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പോങ്ങുംതാഴെ കായൽവാരത്ത് ആൾത്താമസം ഇല്ലാത്ത വീടിന്റെ സെപ്‌ടിക് ടാങ്കിൽ കുഴിച്ചിട്ടുവെന്നായിരുന്നു കത്തിൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി.

ശാസ്ത്രീയ പരിശോധനയിൽ മൃതദേഹം ശ്രീദേവി അമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് രാജേഷിനെ കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

പുനരന്വേഷണവും ഫലം ചെയ്തില്ല

വിചാരണ അവസാനിക്കാറായ ഘട്ടത്തിൽ പിടികിട്ടാപ്പുള്ളിയായ വിനോദിനെ ശ്രീദേവി അമ്മയുടെ മകൾ ധന്യ നേരിട്ട് കോടതിയിൽ ഹാജരായി കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക സംഘം കൂടുതൽ അന്വേഷിച്ച് പത്തോളം പുതിയ സാക്ഷികൾ സഹിതം അധിക കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പൊലീസ് ചുമത്തിയിരുന്ന കുറ്റങ്ങളൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാഞ്ഞ സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ സി.ജി. സുരേഷ്‌ കുമാർ, വിപിൽ കൃഷ്‌ണൻ, ആർ. കൃഷ്‌ണ എന്നിവർ കോടതിയിൽ ഹാജരായി.

ഊമക്കത്തിന്റെ ഉറവിടം

ഊമക്കത്തിന്റെ ഉറവിടത്തെ കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത്, ഇടയ്ക്ക് ഗൾഫിൽ പോയ വിനോദ് അവിടെ മദ്യസത്കാരത്തിനിടെ ബിനുലാൽ എന്ന സുഹൃത്തിനോട് ശ്രീദേവി അമ്മയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തി. ബിനുലാൽ ഈ വിവരം ഊമക്കത്തായി പൊലീസിനെ അറിയിച്ചു.