
എഴുകോൺ: ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനു ഭവനിൽ മനുവിനെയാണ് (42) കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ്.സുഭാഷ് ശിക്ഷിച്ചത്.
പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള തെക്കതിൽ വീട്ടിൽ ഓമനക്കുട്ടനാണ് (50) കൊല്ലപ്പെട്ടത്. ഉറക്കത്തിൽ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഓമനക്കുട്ടന്റെ അമ്മ ജഗദമ്മയ്ക്ക് നൽകണം.
2020 ജൂലായ് 6 നായിരുന്നു സംഭവം. കുണ്ടറ പെരുമ്പുഴ പത്മവിലാസം വീട്ടിൽ ഡോ.പത്മകുമാറിന്റെ വീട്ടിലെ കൃഷിപ്പണിക്കാരായിരുന്നു ഇരുവരും. സംഭവ ദിവസം രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം പ്രതിയും ഓമനക്കുട്ടനും ഡോക്ടറുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഉറങ്ങാൻ പോയി. രാത്രി 9 ഓടെ പ്രതി മനു ഡോക്‌ടറുടെ വീട്ടിലെ ഓമനക്കുട്ടൻ രക്തം വാർന്ന് കിടക്കുന്നതായി അറിയിച്ചു. ഡോക്ടറും മകനും പ്രതിയും ചേർന്ന് ഓമനക്കുട്ടനെ കുണ്ടറ എൽ.എം.എസ് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഓമനക്കുട്ടന്റെ വീട്ടിൽ നിന്ന് 20000 രൂപ മോഷണം പോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഓമനക്കുട്ടന്റെ വീട്ടിൽ കിണർ വൃത്തിയാക്കാനെത്തിയ മനു ഓമനക്കുട്ടൻ വീട്ടിൽ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ഓമനക്കുട്ടൻ മനുവിന്റെ വീട്ടിലെത്തി ഇത് ചോദിച്ചതിലുള്ള വിരോധത്തിലാണ് ഉറങ്ങിക്കിടന്ന ഓമനക്കുട്ടനെ കൊലപ്പെടുത്തിയത്.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ പൊന്നച്ചൻ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ സി.കെ.വിദ്യാധിരാജ്, എസ്.ജയകൃഷ്‌ണൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി.