
കുന്നത്തൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി കാൽനട യാത്രക്കാരൻ മരിച്ചു. റിട്ട.റവന്യു ജീവനക്കാരൻ ശാസ്താംകോട്ട രാജഗിരി അനിത ഭവനിൽ സ്റ്റീഫനാണ് (74) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ആഞ്ഞിലിമൂട്ടിലായിരുന്നു അപകടം. പുലർച്ചെയുള്ള പതിവ് നടത്തത്തിനിടയിലാണ് ദുരന്തം. ചവറ സ്വദേശികളായ അയ്യപ്പൻമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ലോറിക്കും കാറിനും ഇടയിൽപ്പെട്ടാണ് സ്റ്റീഫൻ മരിച്ചത്. കാർ യാത്രികർക്ക് പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. ഓടിക്കൂടിയവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: പരേതയായ അനിത, ശാലിനി. സംസ്കാരം ഇന്ന് രാവിലെ 10ന് ആഞ്ഞിലിമുട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.