കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്‌ലറ്റിക് മീറ്റിനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. സർവകലാശാലയിലെ പഠിതാക്കൾക്ക് ഇന്ന് മുതൽ 15 വരെ രജിസ്റ്റർ ചെയ്യാം. ഈ മാസം 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക് മീറ്റ്. നിലവിൽ പഠിക്കുന്ന വിവിധ പ്രായത്തിലുള്ള പഠിതാക്കൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖകൾ, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവ ഹാജരാക്കണം. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വ്യത്യസ്ത പ്രായത്തിലുള്ള പഠിതാക്കൾ ഉള്ളതിനാൽ 25 വയസിൽ താഴെ, 26-35, 36-50, 51 വയസിനും അതിന് മുകളിലും എന്നിങ്ങനെ തരം തിരിച്ചാണ് മത്സരങ്ങൾ. ഒരു മത്സരത്തിന് മൂന്ന് പേരെങ്കിലും മത്സരിക്കാൻ ഉണ്ടാകണം എന്ന നിബന്ധനയുണ്ട്. അത്‌ലറ്റിക് മേളകളുടെ ആകർഷണമായ 100 മീറ്റർ ഓട്ടം ഉൾപ്പടെ 200, 400, 800,1500, 5000, 4x100 മീറ്റർ, 4 x 400 മീറ്റർ റിലേ തുടങ്ങി ഹൈജംപ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൽ ത്രോ, 3-5 കിലോ മീറ്റർ നടത്തം എന്നിങ്ങനെ വ്യത്യസ്ത ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ നടക്കും. ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അത്‌ലറ്റിക് ഫെഡറേഷൻസിന്റെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ് 2024-25 ന്റെയും ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. രജിസ്ട്രേഷന് sgoufest.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0474-2966841.