laloor-


തൃശൂർ:നഗരത്തിന്റെ കുപ്പത്തൊട്ടി എന്നാക്ഷേപിച്ചിരുന്ന ലാലൂരിൽ കേരളത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സ് വരുന്നു. 14.07 ഏക്കറിലാണ് ഫുട്ബാൾ താരം ഐ.എം.വിജയന്റെ പേരിൽ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മിക്കുന്നത്.

ഫുട്ബാൾ ഗ്രൗണ്ടും സ്വിമ്മിംഗ് പൂളും പൂർത്തിയായി. ഫ്‌ളോറിംഗിന് ജർമ്മനിയിൽ നിന്ന് സാധനങ്ങൾ എത്തണം. ജനുവരിയിൽ തുറന്നുകൊടുക്കും.

2019 മാർച്ചിൽ തുടങ്ങിയ നിർമ്മാണം 2021 മാർച്ചിൽ തീർക്കേണ്ടതായിരുന്നു. നാലുവർഷം കൊണ്ട് 70ശതമാനം പൂർത്തിയായി. ഉടൻ പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ കിറ്റ് കോയ്ക്ക് കായിക വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. 56.01 കോടിയുടേതായിരുന്നു ഇൻഡോർ സ്‌റ്റേഡിയവും ഗതാഗത സൗകര്യങ്ങളും അടങ്ങുന്ന ഒന്നാം ഘട്ടം. രണ്ട് ഘട്ടങ്ങൾക്ക് കിഫ്ബി വകയിരുത്തിയത്: 70.56 കോടി.

ലാലൂരിൽ മുക്കാൽ നൂറ്റാണ്ടോളം മാലിന്യം തള്ളിയിരുന്നു. മാലിന്യമലയിൽ തീപിടിത്തം പതിവായതോടെ വലിയ സമരമായി. നാട്ടുകാർക്ക് രോഗങ്ങളും ബാധിച്ചു. മാലിന്യം നീക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.


ബയോമൈനിംഗിൽ വീണ്ടും വൈകി


മാലിന്യത്തിലെ മണ്ണ് അവശേഷിപ്പിച്ച് ബാക്കി നീക്കുന്ന ബയോമൈനിംഗായിരുന്നു പ്രധാന തടസം. ഒരു വർഷത്തിൽ ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന കരാർ പാലിക്കാത്തതിനാൽ 2023 ഏപ്രിൽ 30 വരെ നീട്ടി. മഴ കാരണം ബയോമൈനിംഗ് വീണ്ടും വൈകി.

രാജ്യാന്തരസൗകര്യങ്ങൾ

സിന്തറ്റിക് ടർഫ്

1,500 സീറ്റുള്ള ഗാലറി
നാലുനിര ഇരിപ്പിടങ്ങളുള്ള പവലിയൻ കെട്ടിടം
ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം
ടെന്നീസ് കോർട്ട്, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്
വിശ്രമമുറികൾ, ഹോക്കി ഗ്രൗണ്ട്

അഞ്ചുലക്ഷം ലിറ്റർ മഴവെള്ളസംഭരണി


കഴിഞ്ഞദിവസം കായികമന്ത്രിയുമായി യോഗം ചേർന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കിറ്റ് കോ ഉദ്യോഗസ്ഥരുടെ യോഗവും ഉടൻ ചേരും. അതിവേഗം നിർമ്മാണം പൂർത്തിയാക്കും.


എം.കെ.വർഗീസ്
മേയർ, തൃശൂർ കോർപ്പറേഷൻ.