തൃശൂർ : കൊടകര മനകുളങ്ങര ലയൺസ് ക്ലബ്ബ് ഇടവേളകളില്ലാതെ നേത്രപരിശോധനാ ക്യാമ്പ് നടത്തി ചരിത്രംകുറിക്കുകയാണ്. കാഴ്ച്ചക്കുറവിന് ചികിത്സ തേടുന്നവർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച കൊടകര ഗവ.യു.പി സ്‌കൂളിൽ എത്തിയാൽ തിമിര ശസ്ത്രക്രിയ വരെ നടത്തി മടങ്ങാം. 2010ൽ ആരംഭിച്ച ക്യാമ്പുകളിൽ ഇതുവരെ 5,475 പേർക്കാണ് തിമിര ശസ്ത്രക്രിയ നടത്തിയത്. പതിനായിരത്തിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. 157-ാമത്തെ ക്യാമ്പാണ് കഴിഞ്ഞ മാസം നടന്നത്. കാഴ്ച്ചയില്ലാതെ ആരും ഇരുട്ടിലാവരുത്. അതാണ് ലക്ഷ്യം.
കൊവിഡ് കാലത്ത് ഒഴികെ രണ്ടര പതിറ്റാണ്ടായി ക്ലബ്ബ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നു. മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവമാണെങ്കിലും കൂടുതൽ ശ്രദ്ധ ഇതിലാണ്. എല്ലാ മാസവും വാർത്താസമ്മേളനം വിളിച്ചാണ് ക്യാമ്പ് വിവരം അറിയിക്കുന്നത്. 14 അംഗങ്ങൾ മാത്രമാണ് ക്ലബ്ബിൽ ഉള്ളത്. ക്യാമ്പിനാവശ്യമായ തുക കണ്ടെത്തുന്നത് ക്ലബ്ബ് അംഗങ്ങളിൽ നിന്നാണ്. പി.രാധാകൃഷ്ണനാണ് ക്ലബ്ബ് പ്രസിഡന്റ്.
ശസ്ത്രക്രിയ നടത്തി വീട്ടിലെത്തിക്കും
പാലക്കാട്ടെ അഹല്യ ആശുപത്രിയുടെ സഹായത്തോടെയാണ് ക്യാമ്പ്. കൊടകര ഗവ.യു.പി സ്‌കൂളിലാണ് സ്ഥിരമായി നടത്തുന്നത്. ഓരോ ക്യാമ്പിലും അറുപതിലേറെ പേരെത്തും. നൂറോളം പേർ വരെ പങ്കെടുത്തിട്ടുണ്ട്. തിമിര ശസ്ത്രക്രിയ വേണ്ടവരെ പാലക്കാട്ടെത്തിച്ച് യാത്ര, താമസം, ഭക്ഷണം, ഉൾപ്പെടെ സൗജന്യമായി നൽകും. ശസ്ത്രക്രിയ നടത്തി വീട്ടിലെത്തിക്കും.
നാടിന്റെ ഏത് ഭാഗത്ത് നിന്നുള്ളവർക്കും പങ്കെടുക്കാം. ക്ലബ്ബിന് മറ്റു പ്രവത്തനങ്ങളും ഉണ്ടെിലും പ്രധാനം നേത്രചികിത്സാ ക്യാമ്പിനാണ്.
കെ.കെ.വെങ്കിടാചലം
സെക്രട്ടറി, ലയൺസ് ക്ലബ്ബ് മനക്കുളങ്ങര