k2


ചേലക്കര: പുലർച്ചെ പത്രവണ്ടികൾ എത്തിയാൽ ഉടനെ പൂവാലൻ പഴയന്നൂർ ടൗണിൽ ഹാജരാണ്. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കോഴിയാണ് പൂവാലൻ. ക്ഷേത്രത്തിലെ പ്രധാന വഴിപാട് പൂവൻ കോഴിയാണ്. പൂവാലൻ പുലർച്ചെ, അമ്പലം സ്റ്റോപ്പിലെ മണിയേട്ടന്റെ പെട്ടിച്ചായക്കടയ്ക്ക് മുമ്പിലെത്തി ഉച്ചത്തിൽ രണ്ട് വട്ടം കൂവും. ഉടനെ മണിയേട്ടൻ ചായയും ബണ്ണും കൊടുക്കും. അതു കഴിച്ച് നന്ദിയോടെ പിന്നെ റോഡ് കുറുകേ കടന്ന് പത്രക്കെട്ട് ഇറക്കി വെച്ച സ്ഥലത്തെത്തും. കെട്ടുകൾക്ക് കാവലാളായി നിൽക്കും. പത്ര ഏജന്റുമാരെത്തി പത്രങ്ങൾ തരം തിരിച്ച് കൊണ്ടുപോയി കഴിയുവോളം സമീപത്തുണ്ടാകും. പത്ര ഏജന്റുമാരായ സുജിത്തും പരമേട്ടനും രവീന്ദ്രനും പ്രദീപും മജീദ് മാഷും സഫിയത്താത്തയുമൊക്കെ പൂവാലന്റെ ചങ്ങാതിമാരാണ്. അവർ പത്രവുമായി പോയിക്കഴിഞ്ഞാൽ പിന്നെ തിരിച്ച് ക്ഷേത്രത്തിലേക്ക് പോകും. ക്ഷേത്രത്തിൽ നിന്നും നൂറ് മീറ്ററിലധികം ദൂരമുണ്ട് ടൗണിലെ പത്രം ഇറക്കി വയ്ക്കുന്ന അമ്പലനടയിലെ കെട്ടിടത്തിലേക്ക്. വാഹനങ്ങൾ സദാ ചീറിപ്പായുന്ന സംസ്ഥാന പാതയും കുറുകെ കടന്നു വേണം പത്രക്കെട്ടിന് സമീപമെത്താൻ.

കോഴി ഭഗവതിയുടെ പ്രതിരൂപം


കൊച്ചി രാജവംശത്തിന്റെ കുലദൈവവും ഉപാസന മൂർത്തിയും പഴയന്നൂർ ഭഗവതിയാണ്. ദേവിയുടെ പ്രതിരൂപമാണ് ഇവിടുത്തെ കോഴി. വിശ്വാസികളുടെ നേർച്ചയായി നൂറ് കണക്കിന് കോഴികളാണ് ക്ഷേത്രത്തിൽ വളരുന്നത്. തീറ്റ നൽകാൻ ക്ഷേത്രത്തിൽ ഒരു ജീവനക്കാരനും ഉണ്ട്. ശത്രു പീഡ വന്നപ്പോൾ കൊച്ചിരാജാവ് കാശിയിൽ പ്രാർത്ഥനയ്ക്കായി പോയെന്നും രാജാവിന്റെ അപേക്ഷ പ്രകാരം രാജ്യരക്ഷയ്ക്കായി ഭഗവതി രാജാവിനൊപ്പം നാട്ടിലേക്ക് പോന്നെന്നുമാണ് സങ്കൽപ്പം. പൂവൻ കോഴിയുടെ രൂപത്തിലാണ് ഭഗവതി രാജാവിനൊപ്പം വന്നത്. വരുന്ന വഴി പഴയന്നൂർ ക്ഷേത്രത്തിലെത്തി ഭഗവതി ഇവിടെയിരുന്നെന്നാണ് സങ്കൽപ്പം.