 
മുരിയാട് : മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാകും. പൊതുമ്പുചിറ ടൂറിസം പദ്ധതിയുടെ ഔപചാരികമായ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരമായത്. ടൂറിസം വകുപ്പ് 50 ലക്ഷവും ഡോ. ആർ. ബിന്ദുവിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷവും മുരിയാട് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി വിശദപഠനത്തിന് ശേഷം സമർപ്പിച്ച ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി വിദ്യ എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ സോയിൽ ടെസ്റ്റ് നടത്തി സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറാക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ടെക് എ ബ്രേക്കിന്റെ പ്രവർത്തനവും ആരംഭിച്ചു. നവംബർ മാസത്തിൽ ചിറയുടെ പരിസര പ്രദേശങ്ങൾ മാലിന്യവിമുക്ത മാക്കുന്ന പ്രവർത്തനങ്ങളും കളക്ടറുടെ നേതൃത്വത്തിൽ പൂർത്തിയാക്കി കഴിഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ ടൂറിസം ഭൂപടത്തിലേക്ക് പുല്ലൂർ പൊതുമ്പുചിറയുമെത്തും.
പദ്ധതി നടപ്പാക്കുക മൂന്ന് ഘട്ടങ്ങളിലായി
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഹാപ്പിനസ് പാർക്ക്, ലൈറ്റിംഗ്, കനോപീസ്, ക്യാമറ, ടൈൽ പതിക്കൽ, ടേക്ക് എ ബ്രെക്ക്, സെൽഫി പോയന്റ്, വാക് വേ എന്നിവയാണ് പൂർത്തിയാക്കുക. രണ്ടാംഘട്ടത്തിൽ ചിൽഡ്രൻസ് പാർക്ക്, ഫൗണ്ടയിൻ, ഐസ്‌ക്രീം കോർണർ എന്നിവയും മൂന്നാംഘട്ടത്തിൽ ബോട്ടിംഗ്, ഓപ്പൺ ജിം എന്നിവയും നടപ്പാക്കും.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും.
- ജോസ് ജെ. ചിറ്റിലപ്പിള്ളി
(മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്)
കാപ്ഷൻ...............
മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ.