
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നുകൊടുക്കുമെന്ന് ആവർത്തിക്കുമ്പോഴും, രണ്ടാഴ്ചയ്ക്കിടെ ഒരു ജീവനക്കാരനും ഒരു കൃഷ്ണമാനിനും ജീവൻ നഷ്ടപ്പെട്ടിട്ടും സുരക്ഷാ ഓഡിറ്റിംഗും സൂക്ഷ്മതല പരിശോധനയുമില്ല. മാസങ്ങളായി മുഴുവൻ സമയ ഡയറക്ടറുമില്ല. സുരക്ഷാ ഓഡിറ്റിംഗ് ഉണ്ടെങ്കിൽ അപകട നിവാരണത്തിനും സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ മുൻകരുതലെടുത്ത് ജീവനക്കാരുടെയും ജീവികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്താനാകും.
ജീവികൾക്ക് ഒരുക്കിയിരിക്കുന്ന ആവാസ സൗകര്യങ്ങളിൽ കൂടുകൾ, മേച്ചിൽപ്പുറങ്ങൾ എന്നിവ കേന്ദ്ര മൃഗശാല അതോറിറ്റി നിർദ്ദേശിച്ച
നിബന്ധനകൾക്ക് അനുസൃതമായാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയുമില്ല. മൃഗശാല രൂപകൽപ്പന രംഗത്ത് (സൂ ഡിസൈനിംഗ്) പ്രാവീണ്യമുള്ളവരും മൃഗശാലകളിൽ ദീർഘകാലം പ്രവർത്തിച്ച് പരിചയസമ്പത്തുള്ളവരും ഉൾപ്പെടുന്ന സംഘം ആവാസ ഇടങ്ങളുടെ സൂക്ഷ്മതല പരിശോധന നടത്തി, മൃഗങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് പക്ഷിമൃഗാദികളെ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇത് പ്രധാനമാണ്.
അധികചുമതല നൽകി താത്കാലിക പരിഹാരം
മൂന്ന് മാസത്തിലേറെയായി പാർക്കിന് മുഴുവൻ സമയ ഡയറക്ടർ ഇല്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയറക്ടറാണ് വേണ്ടത്. നിലവിലെ ഡയറക്ടർക്ക് രണ്ട് ജില്ലകളിലായി രണ്ട് ചുമതലകളുണ്ട് . മൂന്നു ചുമതലകളും കാര്യക്ഷമമായി നിർവഹിക്കാനാകില്ല. പക്ഷിമൃഗാദികളെ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരുമ്പോഴുളള മാനസിക സമ്മർദ്ദം, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ നിരീക്ഷിച്ച് പരിചരണത്തിനായി നിർദേശം നൽകേണ്ട ക്യുറേറ്റർമാർ ഇപ്പോൾ പാർക്കിലില്ല. ഉണ്ടായിരുന്ന മൂന്നുപേരും മറ്റ് ജോലികളിൽ പ്രവേശിച്ചു. ക്യുറേറ്റർമാർ ഇല്ലാതെ മൃഗങ്ങളെ കൊണ്ടുവരുന്നത് മൃഗശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ക്യുറേറ്റർമാരുടെ അധികചുമതല നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് ഗുണകരമാകില്ലെന്നും മൃഗശാലകളിൽ പ്രവർത്തന പരിചയം ഉള്ളവരും ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികളുമാണ് ക്യുറേറ്റർമാർ ആകേണ്ടതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രശ്‌നങ്ങൾ പലത്
വനം വകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് മൃഗശാലകളിലെ അനുഭവസമ്പത്ത് ഉണ്ടാകണമെന്നില്ല.
പക്ഷിമൃഗാദികൾ, സസ്യലതാദികൾ എന്നിവയിൽ സാങ്കേതികമായ പരിജ്ഞാനമുള്ളവർ വേണം
ജീവ ശാസ്ത്രജ്ഞനും മൃഗശാല വിദ്യാഭ്യാസ ഓഫീസറും പാർക്കുകളിൽ അനിവാര്യം
മൃഗശാലയിൽ നിന്ന് വനംവകുപ്പിലേക്ക് മാറുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കണം.
നിലവിലുള്ള മൃഗപാലകർ: 14
വേണ്ടത്: 50
പാർക്കിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടിയും അടിയന്തര നിർദേശങ്ങളും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടും വനം റവന്യൂ മന്ത്രിമാർക്കും സുവോളജിക്കൽ പാർക്ക് ഡയറക്ടർക്കും വീണ്ടും കത്ത് നൽകിയിരുന്നു.
എം.പീതാംബരൻ
സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ.