matti

തൃശൂർ: പാഴ് മരമെന്ന് കരുതി വെട്ടിക്കളയേണ്ട, 12 വർഷമായാൽ മട്ടി മരത്തിൽ നിന്നും 7,500 രൂപ മുതൽ വില കിട്ടും. തീപ്പെട്ടിക്കൊള്ളികൾ ഉണ്ടാക്കാൻ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലാത്ത നിലയിലാണ്. വനമേഖലയിലും തരിശിടങ്ങളിലും വ്യാപകമായിരുന്ന മട്ടി പ്ലാന്റേഷൻ കൂടി ഇല്ലാതായതോടെ തീപ്പെട്ടി നിർമ്മാതാക്കൾ കാർഷിക സർവകലാശാലയിലെ കോളേജ് ഒഫ് ഫോറസ്ട്രിയെ തേടിയെത്തി.

വ്യവസായികളുടെയും ശാസ്ത്രജ്ഞരുടെയും കർഷകരുടെയും മരംമുറിക്കാരുടെയുമെല്ലാം കൺസോർഷ്യം രൂപീകരിച്ച് മട്ടിക്കൃഷി ഇനി വ്യാപകമാക്കും. ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളിൽ കർഷകരുടെ പ്രശ്‌നങ്ങൾ കണ്ടെത്തി ശാസ്ത്രസാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കും. കൃഷി കൂടുതൽ ലാഭകരവും സുസ്ഥിരവും ഫലപ്രദവുമാക്കും. കേരളത്തിന്റെ വിവിധയിടങ്ങളിലെ നൂറോളം മട്ടിക്കർഷകരാണ് കോളേജ് ഒഫ് ഫോറസ്ട്രിയിലെ ശിൽപ്പശാലയിലെത്തിയത്. കീടങ്ങളുടെ ആക്രമണം, വനനിയമത്തിലെ സാങ്കേതിക തടസം എന്നിവയെല്ലാം കർഷകർ ഉന്നയിച്ചെങ്കിലും അതിനെല്ലാം പരിഹാരം നിർദ്ദേശിച്ചു.

അഗർബത്തിക്കും മട്ടിപ്പശ

മട്ടിയിൽ നിന്നും ടാപ്പ് ചെയ്‌തെടുക്കുന്ന മട്ടിപ്പശ അഗർബത്തി നിർമ്മാണത്തിനും പെയിന്റ് ഉണ്ടാക്കാനും ആവശ്യമായ റെസിനായി (ഒരുതരം പശ) ഉപയോഗിക്കുന്നു. കറ ഉള്ളതിനാൽ പേപ്പർ പൾപ്പ് പ്ലൈവുഡ് ആവശ്യങ്ങൾക്ക് സാധാരണയായി ഉപയോഗിക്കില്ല. കുന്തിരിക്കം പോലെ മറ്റ് സുഗന്ധദ്രവ്യ നിർമ്മാണത്തിനും ഉപയോഗിക്കാം. ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഡൈയുകൾ കറുപ്പുനിറം ഉള്ളതാണ്. തൊലിയിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കുറഞ്ഞ അളവിൽ എണ്ണ കിട്ടും. ഔഷധഗുണങ്ങൾ ഉള്ള മട്ടി തണൽ മരമായും കുരുമുളക് പടർത്താനും വശങ്ങളിൽ നിന്നുള്ള വെയിലിനെ പ്രതിരോധിക്കാത്തതിനാൽ ഇടവിള കൃഷിക്കും അനുയോജ്യമാണ്.

മരത്തിന് വേണ്ടി ആദ്യകൂട്ടായ്മ

കേരളത്തിൽ ആദ്യമായാണ് ശാസ്ത്രജ്ഞരെയും വൃക്ഷകർഷകരെയും വ്യവസായികളെയും സംരംഭകരെയും ഏകോപിപ്പിച്ച് വൃക്ഷ കർഷക കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നത്. കോളേജ് ഒഫ് ഫോറസ്ട്രി, എ.ഐ.സി.ആർ.പി അഗ്രോഫോറസ്ട്രി, സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്‌സ് ആൻഡ് വെനീർസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും (കെ.എസ്.എം.എസ്.വി.എം.എ) സംയുക്തമായാണ് 'ശാസ്ത്രീയ വൃക്ഷാധിഷ്ഠിത കൃഷി രീതിയിലൂടെ: തീപ്പെട്ടി വ്യവസായ പുനരുജ്ജീവനം' എന്ന ശിൽപ്പശാല നടത്തിയത്.

മുഖ്യആകർഷണം ഇവ

മരം വളരാൻ കൂടുതൽ പരിചരണങ്ങളും പരിപാലനച്ചെലവും വേണ്ട
ആദ്യ വർഷങ്ങളിൽ രാസവളങ്ങൾ ഒന്നും നൽകേണ്ട.
കേരളത്തിലെ കാലാവസ്ഥയും മണ്ണും വളർച്ചയ്ക്ക് ഏറെ അനുകൂലം
വനത്തോട് ചേർന്ന് പ്ലാന്റേഷനുകളുണ്ടാക്കാം, കർഷകർക്ക് ലാഭകരം

മട്ടിപ്പാൽ ഒരു കി.ഗ്രാമിന്: 900 രൂപ
മരത്തിന്റെ ഉയരം: 40 മീറ്ററോളം

ഒരു കായയിൽ വിത്തുകൾ: 7,500-10,000 ഓളം

നല്ല വെയിൽ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യവും ലാഭകരവുമാണ് മട്ടിക്കൃഷി. കൂടുതൽ കർഷകരെ കൃഷിയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യം.

ഡോ. ടി.കെ. കുഞ്ഞാമു

ഡീൻ, ഫോറസ്ട്രി കോളേജ്‌