pooram
മ്മ്‌ടെ തൃശൂർ പൂരം ( ഫയൽ ചിത്രം)

തൃശൂർ : പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും വിവാദങ്ങളുടെ കൊടിമുടി കയറുമ്പോൾ ഇന്ന് അങ്ങ് മണലാരണ്യത്തിൽ ' മ്മ്‌ടെ തൃശൂർ പൂരം' കൊട്ടിക്കയറും. മഠത്തിൽ വരവ് പഞ്ചവാദ്യവും പാണ്ടിയുടെ സൗരഭ്യം വിടർത്തുന്ന ഇലഞ്ഞിത്തറ മേളവും പഞ്ചാരിയുടെ പാലമൃതും നിറഞ്ഞൊഴുകും. ഇതിനുപുറമേ മച്ചാട് മാമാങ്ക കുതിരയും ദുബായിലെത്തി സലാത്ത് അക്കാഡമിയിലെ ' തേക്കിൻകാട് ' മൈതാനിയിൽ തുള്ളിക്കളിക്കും.

ദുബായിലെ തൃശൂർക്കാരായ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അഞ്ചാമത്തെ പൂരമാണ് ഇന്ന് അരങ്ങേറുന്നത്. രാവിലെ എട്ടരയ്ക്ക് (ഇന്ത്യൻ സമയം രാവിലെ 10.30)ന് കൊടിയേറ്റത്തോടെയാണ് ' മ്മ്‌ടെ തൃശൂർ പൂരത്തിന് ' തുടക്കമാകുക. 8.45ന് കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ കേളികൊട്ട് ആരംഭിക്കും. 9.15ന് മാച്ചാട് മാമാങ്കം കുതിരപൂജ നടക്കും. ഒമ്പതരയ്ക്ക് തൃശൂർ പൂരത്തിൽ ഘടക പൂരങ്ങളെ അനുസ്മരിച്ച് ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറും.

മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും

രാവിലെ 11.30നാണ് മഠത്തിൽ വരവിന് തുടക്കമാകും. പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിലാണ് പഞ്ചവാദ്യം. പന്ത്രണ്ടരയ്ക്ക് പൂരത്തിൽ ആദ്യമായി മച്ചാട് മാമാങ്കം അരങ്ങേറും. മൂന്നിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളത്തിന്റെ പുനരാവിഷ്‌കാരത്തിന് എതിസലാത് അക്കാഡമി വേദിയാകും. മേളം കൊട്ടിക്കലാശിച്ചാൽ നാടൻ കലാരൂപങ്ങളും കാവടിയും വാദ്യമേളങ്ങളുമായി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന സംഗീത നിശയും ഡി.ജെയുമെല്ലാം മ്മ്‌ടെ പൂരത്തിന് കൊഴിപ്പേകും.

റോബോ തെച്ചിക്കോട്ടും ശിവസുന്ദറും

റോബോട്ടിക് ആണെങ്കിലും കേരളത്തിന്റെ തലയെടുപ്പായ തെച്ചിക്കോട്ടും തൃശൂരിന്റെ തലപൊക്കമായിരുന്ന ശിവസുന്ദറും ഇന്ന് മ്മ്‌ടെ പൂരത്തിൽ പൂരപ്രേമികളുടെ മനം കവരും. കഴിഞ്ഞവർഷം വരെ മൂന്നാനകളായിരുന്നുവെങ്കിൽ ഇത്തവണ അഞ്ചായി. കേരളത്തിൽ നിന്ന് ആനകളെ മൂന്ന് ഭാഗങ്ങളാക്കി കപ്പൽ മാർഗമാണെത്തിച്ചത്. ഇതിനൊപ്പം ശിൽപ്പികളും അവിടെയെത്തും. അഞ്ച് ലക്ഷത്തോളം രൂപ ആനയ്ക്ക് ചെലവ് വരും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആനകളെ അവിടെയെത്തിച്ച് കഴിഞ്ഞിരുന്നു.

മച്ചാട് മാമാങ്കം

ഇത്തവണ ആദ്യമായാണ് മച്ചാട് മാമാങ്കം അരങ്ങേറുന്നത്. മച്ചാട് ദേശത്ത് നിന്ന് കുതിരയെയുണ്ടാക്കി കപ്പൽ മാർഗമെത്തിക്കുകയായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. ഒരു മാമാങ്ക കുതിരയാണ് അരങ്ങേറുന്നത്. മച്ചാട് ദേശക്കുതിരയെന്നാണ് പേര്. കുതിരയ്ക്ക് തച്ചന്റെ പൂജകളുമുണ്ട്.

കഴിഞ്ഞവർഷം പതിനായിരത്തിലേറെ പേർ കാണികളായുണ്ടായിരുന്നു. ഇത്തവണ അതിലും കൂടും. നാട്ടിലെത്തി പൂരവും മാമാങ്കവുമെല്ലാം കാണാൻ കഴിയാത്ത നൂറുക്കണക്കിന് പേരുണ്ട്. അവർക്കെല്ലാം ഈ പൂരം ആഹ്‌ളാദം പകരും.

അനൂപ് അനിൽ ദേവ്, രശ്മി രാജേഷ്
മ്മ്‌ടെ തൃശൂർ പൂരം സംഘാടക സമിതി ഭാരവാഹികൾ.