തൃശൂർ: കൗമാര കലയുടെ മാറ്ററിയാൻ കുന്നംകുളം അണിഞ്ഞൊരുങ്ങി. ഇനി അഞ്ചുനാൾ തട്ടേൽ കേറി, ചിലങ്ക കെട്ടി, ചായം തേച്ച് കൗമാരം കലയുടെ വസന്തം തീർക്കും. ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചിനാണെങ്കിലും സ്റ്റേജിനങ്ങളും സ്റ്റേജിതര ഇനങ്ങളും നാളെയാരംഭിക്കും. കലോത്സവത്തിലെ പ്രധാന ഇനങ്ങളായ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം ഉൾപ്പടെയുള്ള മത്സരങ്ങളും നാളെ നടക്കും. അഞ്ചിന് രാവിലെ ഒമ്പതരയ്ക്ക് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഏഴിന് വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 12 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര ഗവ. ബോയ്‌സ് വി.എച്ച്.എസ്.എസിൽ നിന്നും നാളെ വൈകീട്ട് മൂന്നിന് ആരംഭിക്കും. രാഷ്ട്രീയ കലാസാംസ്‌കാരിക സാഹിത്യ നായകന്മാർ ഘോഷയാത്രയിൽ അണിചേരും. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ഉപജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് തൃശൂരിൽ നിന്നുമെത്തിക്കും.
17 വേദികൾ
കുന്നംകുളത്ത് കലാമേള അരങ്ങേറുന്നത് 17 വേദികളിൽ. മുനിസിപ്പൽ ടൗൺഹാളാണ് ഒന്നാം വേദി. സി.വി.സ്മാരക ഹാൾ, ഗവ.മോഡൽ ബോയ്‌സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, ഗവ.മോഡൽ എച്ച്.എസ്.എസ് (നാലു കെട്ട്), ജി.വി.എച്ച്.എസ്.എസ് ഫോർ ഡെഫ്, ജി.എച്ച്.എസ് ഫോർ ബ്ലൈൻഡ്, ബഥനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്, ബഥനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസ് മിനിഹാൾ, എച്ച്.സി.സി ഗേൾസ് യു.പി.എസ്, ബി.സി.ജി എച്ച്.എസ് എൽ.പി ചെറളയം, ബി.സി.എച്ച്.എസ് മിനിഹാൾ, എം.ജെ.ഡി.എച്ച്.എസ് കുന്നംകുളം, എം.ജെ.ഡി.എച്ച്.എസ്, ഗുഡ് ഷേപ്പേർഡ് മിനിഹാൾ, സിനീയർ ഗ്രൗണ്ട് സ്റ്റേഡിയം, എം.ജെ.ഡി.എച്ച്.എസ്, ബി.സി.ജി.എച്ച്.എസ് എൽ.പി ആൻഡ് എച്ച്.എസ് ചെളറയം എന്നിവയാണ് മറ്റ് വേദികൾ.
നാളത്തെ മത്സരം
വേദി 1: ടൗൺ ഹാൾ രാവിലെ 9 ന് മൂകാഭിനയം (ഹൈസ്‌കൂൾ),
രാവിലെ 10 ന് നാടകം (എച്ച്.എസ്.എസ്)
വേദി 7: കോൽക്കളി (എച്ച്.എസ്.എസ്) , ഒപ്പന (എച്ച്.എസ്.എസ്), വട്ടപ്പാട്ട് (എച്ച്.എസ്.എസ്)
വേദി 8: ലളിത ഗാനം (എച്ച്.എസ്.എസ് (പെൺ.), ദേശഭക്തിഗാനം (എച്ച്.എസ്.എസ്), ലളിത ഗാനം (എച്ച്.എസ്.എസ് - ആൺ.), ശാസ്ത്രീയ സംഗീതം ( (എച്ച്.എസ്.എസ് - ആൺ.),
വേദി 9: നാടോടി നൃത്തം (എച്ച്.എസ്.എസ്), ഗ്രൂപ്പ് ഡാൻസ് (എച്ച്.എസ്.എസ്). ഭരതനാട്യം (എച്ച്.എസ്.എസ്- പെൺ.), കുച്ചുപ്പുടി (എച്ച്.എസ്.എസ്- ആൺ.)
വേദി 10: മോഹിനിയാട്ടം (എച്ച്.എസ്.എസ്- പെൺ.), കേരള നടനം (എച്ച്.എസ്.എസ്-പെൺ), കുച്ചുപ്പുടി (എച്ച്.എസ്.എസ്- പെൺ.). സ്റ്റേജിതര മത്സരങ്ങളും അറബി കലോത്സവവും സംസ്‌കൃതോത്സവവും നടക്കും.