കൊടുങ്ങല്ലൂർ : എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ പടലപ്പിണക്കം രൂക്ഷം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എറിയാട് സംഘടിപ്പിച്ച ബ്ലോക്കുതല ക്യാമ്പിൽ നിന്നും 25 ഓളം നേതാക്കൾ വിട്ടുനിന്നു. ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗവും മുൻ ബ്ലോക്ക് പ്രസിഡന്റുമായ പി.കെ. ഷംസുദ്ദീൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെമീന ഷെരീഫ് തുടങ്ങിയവരെ ക്യാമ്പിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ക്യാമ്പിൽ നിന്നും വിട്ടു നിന്നത്. വിട്ടുനിന്നവർ കോൺഗ്രസ് ഐ ഗ്രൂപ്പിലുള്ളവരാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ പി.ബി. മൊയ്തുവിനെതിരെ ഇനിയും പ്രതിഷേധം തുടരുമെന്നും ഏകാധിപത്യ സമീപനം അംഗീകരിക്കില്ലെന്നും ക്യാമ്പിൽ നിന്നും വിട്ടുനിന്നവർ പറയുന്നു. ബ്ലോക്കിലെ ഏക ഡി.സി.സി സെക്രട്ടറിയായ അഡ്വ. പി.എച്ച്. മഹേഷ്, ശ്രീനാരായണപുരം മണ്ഡലം പ്രസിഡന്റ് പ്രൊഫ. കെ.എ. സിറാജ് തുടങ്ങിയവരും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുമാണ് ക്യാമ്പ് ബഹിഷ്‌കരിച്ചത്.
2023 ജൂണിലാണ് കോൺഗ്രസ് എ വിഭാഗത്തിലെ പി.ബി. മൊയ്തു എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായത്. അതിനുശേഷം പാർട്ടി പ്രവർത്തനങ്ങളിൽ ഐ വിഭാഗം നേതാക്കളെ മനഃപൂർവം തഴയുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. വിഷയം ജില്ലാ കോൺഗ്രസ് ചുമതലയുള്ള വി.കെ. ശ്രീകണ്ഠൻ എം.പി, ബെന്നി ബെഹ്നാൻ എം.പി ഉൾപ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ലെന്ന് ക്യാമ്പിൽ നിന്നും വിട്ടുനിന്നവർ പറഞ്ഞു. ഡി.സി.സി മുഴുവൻ സമയ പ്രസിഡന്റില്ലാത്തതു പ്രശ്‌ന പരിഹാരത്തിന് ഹേതുവാകുന്നുണ്ടെന്നും നിലവിലെ ബ്ലോക്ക് പ്രസിഡന്റുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അയാളെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.