photo

തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കൊടുത്ത അനുമതി തീരാൻ മൂന്ന് വർഷം ബാക്കി നിൽക്കേ,കേന്ദ്രത്തിൽ നിന്ന് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതികൾ നേടിയെടുക്കാൻ നീക്കം. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കും. പ്രതിഷേധം ഉയരുമെന്നതിനാൽ അതീവരഹസ്യമായാണ് കാര്യങ്ങൾ നീക്കുന്നത്.

പരിസ്ഥിതി, വനം വകുപ്പ് 2015 ആഗസ്റ്റ് 11ന് അനുമതി നൽകിയിരുന്നു.അതിന്റെ കാലാവധി 2017ൽ കഴിഞ്ഞു.വിവിധ കാരണങ്ങളാൽ തുടങ്ങാനായില്ലെന്ന് ബോധ്യപ്പെടുത്തിയാൽ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാൻ തടസമുണ്ടാകില്ലെന്നാണ് നിയമോപദേശം ലഭിച്ചത്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള നിർദ്ദിഷ്ട അണക്കെട്ടിലൂടെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. വൻ പ്രതിഷേധത്തെ തുടർന്ന് മാറ്റിയ പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും സഖ്യകക്ഷിയായ സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടിവന്നു. ഇപ്പോഴത്തെ സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിൽ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020 ജൂൺ നാലിനാണ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം.മണി കെ.എസ്.ഇ.ബിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ഏഴ് വർഷമാണ് കാലാവധി. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസും ബി.ജെ.പിയും. വാഴച്ചാൽ- അതിരപ്പിള്ളി മേഖലയിലെ ആദിവാസികൾക്ക് ലഭിച്ച വനാവകാശ നിയമത്തിലെ നൂലാമാലകൾ മറികടക്കുകയെന്നതും വെല്ലുവിളിയാണ്

കാടർ സമുദായത്തിന്റെ

വാസകേന്ദ്രം


ഡാം പണിയുന്നതോടെ കാടർ സമുദായം പാർക്കുന്ന പ്രദേശം വെള്ളത്തിനടിയിലാകും. കാട്ടിലെ തേനും മറ്റും ശേഖരിച്ച് ജീവിക്കുന്ന ആദിവാസി സമൂഹമാണിത്. കേരളത്തിൽ ആകെയുള്ള 2,736 കാടർ സമുദായാംഗങ്ങളിൽ 1844 പേരും താമസിക്കുന്നത് അതിരപ്പിള്ളിയിലെ കോളനികളിലാണ്. ഡാം കെട്ടുന്നതോടെ ഇവരെ മുഴുവനായും ഒഴിപ്പിക്കണം.

പരിസ്ഥിതിയെ തകർക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരായ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. തുടക്കം മുതൽ സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

കെ.കെ. വത്സരാജ്
സി.പി.ഐ
തൃശൂർ ജില്ലാ സെക്രട്ടറി.